ശ്രീനഗർ: കിഴക്കൻ ലഡാക്കിൽ സംഘർഷാവസ്ഥ പരിഹരിക്കുന്നതിനായി നടന്ന നയതന്ത്ര കരാറിന് പിന്നാലെ, ഭാരതവും ചൈനയും പിൻവാങ്ങൽ നടപടികൾ ആരംഭിച്ചു. യഥാർത്ഥ നിയന്ത്രണരേഖയ്ക്ക് സമീപം ഇരുരാജ്യങ്ങളും സ്ഥാപിച്ച ടെന്റുകളും താത്കാലിക നിർമ്മിതികളും നീക്കം ചെയ്യുകയാണ്. കൂടാതെ അധിക സൈന്യവും പിൻവലിച്ചിട്ടുണ്ട്.
ഇന്നലെ വൈകീട്ട് മുതലാണ് കരാർ പ്രകാരമുള്ള പിൻവാങ്ങൽ നടപടികൾ ആരംഭിച്ചത്. സൈനികർ ടെന്റുകളും മറ്റ് താത്കാലിക നിർമ്മിതികളും നീക്കം ചെയ്തു. അധികമായി വിന്യസിച്ച സൈനികരെയും പ്രദേശത്ത് നിന്നും സൈനിക വാഹനങ്ങളിൽ മാറ്റിയിട്ടുണ്ട്
ഭാരത സൈന്യം ചാർഡിംഗ് മേഖലയിലേക്കും ചൈനീസ് സൈന്യം നാലയുടെ കിഴക്കൻ മേഖലയിലേക്കുമായിരിക്കും നിലയുറപ്പിക്കുക. ചൈന കഴിഞ്ഞ ദിവസം തന്നെ അധിക സൈനിക വാഹനങ്ങൾ മാറ്റിയിരുന്നു. താത്കാലിക നിർമ്മിതികൾ പൂർണമായും നീക്കിയ ശേഷം അടുത്ത ദിവസങ്ങളിൽ ദിസ്പാങ്, ദെചോക് എന്നിവിടങ്ങളിൽ പട്രോളിംഗ് പുനരാരംഭിക്കും.
ഭാരതവും ചൈനയും ഈ മാസം 21നാണ് സമാധാനകരാർ ഒപ്പുവെച്ചത്. ഇതോടെ, 2020 മുതൽ ഉണ്ടായിരുന്ന സംഘർഷാവസ്ഥയ്ക്ക് മാറ്റമാവുകയും നാല് വർഷം നീണ്ട പ്രശ്നം അവസാനിക്കുകയുമായിരുന്നു.

