Friday, May 17, 2024
spot_img

വാരാണസി പോലെ പ്രിയപ്പെട്ടതാണ് തനിക്ക് കേരളവുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഗുരുവായൂര്‍: തിരഞ്ഞെടുപ്പില്‍ വിജയിപ്പിച്ചവരേയും തോല്‍പ്പിച്ചവരേയും ഒരു പോലെ ഉള്‍ക്കൊള്ളുന്നതാണ് തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അക്കൗണ്ട് തുറക്കാന്‍ പറ്റാത്ത കേരളത്തില്‍ വന്ന് മോദി എന്തിന് നന്ദി പറയണമെന്ന് ചില ആളുകള്‍ക്ക് തോന്നുന്നുണ്ടാവും. എന്നാല്‍ ഞങ്ങളുടെ ചിന്തയും സംസ്‌കാരവും അതാണ്. വാരാണസി പോലെ പ്രിയപ്പെട്ടതാണ് തനിക്ക് കേരളവുമെന്നും മോദി പറഞ്ഞു.

ഗുരുവായൂര്‍ ക്ഷേത്ര സന്ദര്‍ശനത്തിന് ശേഷം ബിജെപിയുടെ അഭിനന്ദന്‍ സഭയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. എല്ലാവര്‍ക്കും ഗുരുവായൂരപ്പന്റെ അനുഗ്രഹമുണ്ടാകട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുരുവായൂരപ്പന്റെ ഈ പുണ്യഭൂമിയില്‍ എത്തുന്നത് പുതിയ ഊര്‍ജ്ജവും ഉന്മേഷവും നല്‍കുന്നു എന്നു പറഞ്ഞായിരുന്നു പ്രസംഗം ആരംഭിച്ചത്. സംസ്ഥാന സര്‍ക്കാരിനെതിരെയോ പ്രതിപക്ഷത്തിനെതിരെയോ കാര്യമായ വിമര്‍ശനങ്ങള്‍ നടത്താതെയായിരുന്നു മോദിയുടെ പ്രസംഗം. 130 കോടി ജനങ്ങളേയും ഉള്‍ക്കൊണ്ടുകൊണ്ടാകും സര്‍ക്കാര്‍ മുന്നോട്ട് പോകുകയെന്ന് അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് ജയം മാത്രം ലക്ഷ്യംവച്ച് പ്രവര്‍ത്തിക്കുന്നവരല്ല ബിജെപിക്കാര്‍. വര്‍ഷത്തില്‍ 365 ദിവസവും ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ്. അത് വിശ്വാസമായി കാണുന്നവരാണ്. വിജയമാണെങ്കിലും പരാജയമാണെങ്കിലും ഏറ്റവും ഉത്സാഹത്തോടെ പ്രവര്‍ത്തിക്കുന്നവരാണ് അവര്‍. അഞ്ചു വര്‍ഷത്തേക്ക് മാത്രമാണ് ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്നത്. എന്നാല്‍ ജീവിതാവസാനം വരെ സേവനം നടത്താന്‍ നിയോഗിക്കപ്പെട്ടവരാണ് നമ്മുടെ പ്രവര്‍ത്തകര്‍. ഒരു നവഭാരതത്തിന്റെ സൃഷ്ടിയിലാണ് നാം പങ്കാളിത്തം വഹിക്കുന്നതെന്നും മോദി പറഞ്ഞു.

നിപ വൈറസ് ഭീഷണി നേരിടുന്ന കേരള ജനത ഒന്നുകൊണ്ടും ഭയപ്പെടേണ്ടതില്ല. കേന്ദ്ര സര്‍ക്കാര്‍ ഒപ്പമുണ്ട്. നിപ പ്രതിരോധത്തില്‍ കേരള സര്‍ക്കാരിനോട് ചേര്‍ന്ന് നിന്നുകൊണ്ട് വേണ്ട എല്ലാ പ്രവര്‍ത്തനങ്ങളും നടത്തുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Related Articles

Latest Articles