Saturday, April 27, 2024
spot_img

കേരളത്തിൽ നിന്നും മടങ്ങിയ അന്യസംസ്ഥാന തൊഴിലാളി നിപ ലക്ഷണങ്ങളോടെ കൊൽക്കത്തയിലെ ആശുപത്രിയിൽ, ആദ്യം ചികിത്സ തേടിയത് എറണാകുളത്തെ ആശുപത്രിയിൽ, സംസ്ഥാനത്ത് പുതിയ പോസിറ്റീവ് കേസുകളില്ല

കൊല്‍ക്കത്ത: കേരളത്തില്‍നിന്നും അടുത്തിടെ മടങ്ങിയെത്തിയ യുവാവിനെ കൊൽക്കത്തയിൽ നിപ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്‍ക്കത്തയിലെ ബെല്ലാഘട്ട ഐഡി ആശുപത്രിയിലാണ് യുവാവിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. കേരളത്തിൽ ജോലി ചെയ്യുന്ന ബർദ്വാൻ സ്വദേശിയെയാണ് കടുത്ത പനിയും ഛർദ്ദിയും തൊണ്ടയിലെ അണുബാധയും മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

നേരത്തേ കടുത്ത പനിയെ തുടർന്ന് ഇയാൾ എറണാകുളത്തെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തുടർന്നാണ് ഇയാൾ കൊൽക്കത്തയിലേക്ക് മടങ്ങിയത്. എന്നാൽ നാട്ടിൽ വെച്ച് വീണ്ടും കടുത്ത പനി അനുഭവപ്പെടുകയായിരുന്നു. ഇതോടെ ഇയാളെ ആദ്യം നാഷണൽ മെഡിക്കൽ കോളജിലേക്കും പിന്നീട് ബെലിയാഘട്ട ഐഡി ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ഇയാൾ നിരീക്ഷണത്തിലാണെന്നും പരിശോധനകൾ തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി.

അതേസമയം, കഴിഞ്ഞ നാല് ദിവസങ്ങളിലായി കേരളത്തിൽ പുതിയ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. സംസ്ഥാനത്ത് ഇതുവരെ 323 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. അതിൽ 317 എണ്ണം നെഗറ്റീവാണ്. ഇതുവരെ 6 പോസിറ്റീവ് കേസുകളാണുള്ളത്. ആദ്യ ഇൻക്യുബേഷൻ പീരീഡ് പൂർത്തിയാക്കിയവരെ ഒഴിവാക്കിയ ശേഷം സമ്പർക്കപ്പട്ടികയിലുള്ള 980 പേരാണ് ഐസൊലേഷനിലുള്ളത്. 11 പേർ മെഡിക്കൽ കോളേജിലെ ഐസോലഷനിലുണ്ട്.

Related Articles

Latest Articles