Friday, May 10, 2024
spot_img

ക്ഷേത്രങ്ങൾ മാർക്സിസ്റ്റ് വൽക്കരിക്കാൻ നീക്കം ! ഗുരുവായൂർ ക്ഷേത്രത്തിലെ ടിക്കറ്റ് കൗണ്ടറിന്റെ പേര് “എകെജി”; ശക്തമായ പ്രതിഷേധവുമായി ഭക്തജനങ്ങൾ

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ ടിക്കറ്റ് കൗണ്ടറിന് എ കെ ജി കൗണ്ടറെന്ന പേര് നൽകിയതിൽ വ്യാപക പ്രതിഷേധം ഉയരുന്നു. കഴിഞ്ഞ ദിവസം ഒരു ഭക്തന് ലഭിച്ച വഴിപാട് ടിക്കറ്റിലാണ് എ കെ ജി കൗണ്ടർ എന്ന് രേഖപ്പെടുത്തിയ ടിക്കറ്റ് ലഭിച്ചത്. എന്നാൽ, സംശയം ചോദിച്ച ഭക്തന്, “നിങ്ങളുടെ വഴിപാട് നടത്തിയാൽ പോരേയെന്ന ” മറുചോദ്യമാണ് കൗണ്ടർ ക്ലർക്കിൽ നിന്നും ലഭിച്ചത്.

ക്ഷേത്രം മാർക്സിസ്റ്റ് വത്കരിക്കാനുള്ള നീക്കത്തിനെതിരെ വിവിധ ഭക്തജന സംഘടനകളിൽ നിന്നും ശക്തമായ പ്രതിഷേധം ഉയർന്നുകഴിഞ്ഞിട്ടുണ്ട്. ഭരണസമിതിയും ദേവസ്വം അഡ്മിനിസ്ട്രേറ്ററും സി.പി.എം നോമിനികളായതിനാൽ അവരുടെ നിർദേശമോ അനുമതിയോ ഇല്ലാതെ ഇത്തരത്തിലൊരു കൗണ്ടർ രൂപപ്പെടാൻ ഒട്ടും സാധ്യതയില്ലെന്ന് ഭക്തർ ആരോപിക്കുന്നു. കൂടാതെ, സി.പി.എം ലോക്കൽ കമ്മിറ്റി ഭാരവാഹികളെയും ബ്രാഞ്ച് കമ്മിറ്റി ഭാരവാഹികളെയുമാണ് താത്കാലിക ജീവനക്കാരായി ഗുരുവായൂർ ദേവസ്വത്തിൽ കുത്തിനിറച്ചിരിക്കുന്നത്. പാർട്ടി തലത്തിൽ നിയമിക്കാൻ ഇനി മേൽശാന്തി മാത്രമേ ക്ഷേത്രത്തിൽ ബാക്കിയുള്ളു എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.

അതേസമയം, മാസങ്ങൾക്ക് മുൻപ് ചില കമ്യൂണിസ്റ്റ് നേതാക്കളുടെ ചിത്രം ഗുരുവായൂർ ദേവസ്വം ഓഫീസിൽ പ്രദർശിപ്പിച്ചത് പ്രതിഷേധത്തെ തുടർന്ന് നീക്കം ചെയ്തിരുന്നു. പല വിഷയങ്ങളിലും ഗുരുവായൂർ ദേവസ്വത്തിനെതിരെ ഹൈക്കോടതി ഇടപെടേണ്ടി വരുന്നതും ഭക്തജനങ്ങളിൽ ആശങ്ക വർധിപ്പിക്കുന്നുണ്ട്.

എന്നാൽ, ഗുരുവായൂർ ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറുകൾക്ക് പ്രത്യേക പേരുകൾ നൽകിയെന്ന പ്രചാരണം അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണെന്ന് ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ അറിയിച്ചു. ദേവസ്വത്തെ അപകീർത്തിപ്പെടുത്താനുള്ള ഹീനശ്രമമാണ് ഇതിന് പിന്നിലുള്ളത്. കമ്പ്യൂട്ടർ സിസ്റ്റത്തിലാണ് ടിക്കറ്റ് കൗണ്ടറിൽ ഭക്തരുടെ വഴിപാടുകൾ ശീട്ടാക്കുന്നത്. ക്ലർക്കുമാർ ജോലിക്ക് പ്രവേശിക്കുമ്പോൾ അവരുടെ യൂസർ ഐ ഡിയും പാസ്സ്‌വേർഡും ഉപയോഗിച്ചാണ് സോഫ്റ്റ്‌വെയർ പ്രവർത്തിക്കുന്നത്. കമ്പ്യൂട്ടർ ഉപയോഗിക്കുമ്പോൾ ക്ലർക്കുമാരുടെ പേര്, ഇനിഷ്യൽ എന്നിവയുടെ ഇംഗ്ലീഷ് ചുരുക്കെഴുത്താണ് യൂസർ നെയിമായി നൽകുന്നത്. അപ്രകാരം, അജിത്കുമാർ ഗുരുവായൂർ എന്ന ക്ലർക്ക് കൊടുത്ത ടിക്കറ്റിൽ എ കെ ജി എന്ന് കണ്ട് ഹീനമായ രാഷ്ട്രീയ നേട്ടം ലാക്കാക്കിയാണ് ചിലർ കുപ്രചരണം അഴിച്ചുവിട്ടിരിക്കുന്നതെന്നാണ് ദേവസ്വം ചെയർമാന്റെ വാദം.

Related Articles

Latest Articles