Wednesday, May 15, 2024
spot_img

വയനാട്ടിൽ ചന്ദനത്തടി മോഷ്ടിച്ചെന്ന പേരിൽ ആദിവാസി യുവാവിനെ കള്ളകേസിൽ കുടുക്കാൻ ശ്രമം; വനംവകുപ്പ് ഉദ്യോഗസ്ഥന് സസ്പെൻഷന്‍

വയനാട്ടിൽ ചന്ദനത്തടി മോഷ്ടിച്ചെന്ന പേരിൽ ആദിവാസി യുവാവിനെ കള്ളകേസിൽ കുടുക്കാൻ ശ്രമിച്ച സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. കോഴിക്കോട് താമരശ്ശേരി റേഞ്ച് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സിഎസ് വേണുവിനെയാണ് അന്വേഷണവിധേയമായി സസ്പെന്‍റ് ചെയ്തത്.നടപടി നേരിട്ട സിഎസ് വേണു വയനാട് വന്യജീവി സങ്കേതം തോട്ടാമൂല സെക്ഷൻ ബീറ്റ് ഫോറസ്റ്റ് ഓഫീസറായിരിക്കെയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

കണ്ണംങ്കോട് കാടംകൊല്ലി കോളനിയിലെ സുഭാഷിന്‍റെ വാഹനത്തിൽ കഴിഞ്ഞ ഓഗസ്റ്റ് 28ന് 20 കിലോ തൂക്കമുള്ള 2 ചന്ദനതടികൾ ഒളിപ്പിച്ചുവെച്ച് കേസിൽപെടുത്തിയെന്നാണ് പരാതി. സുഭാഷിനെ അന്ന് വനം വകുപ്പ് അറസ്റ്റ് ചെയ്തെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് വിട്ടയയ്ക്കുകയായിരുന്നു. പിന്നീട് കേസുമായി ബന്ധപ്പെട്ട് ഞ്ഞണ്ടംകൊല്ലി കോളനിയിലെ കുട്ടനെ അറസ്റ്റ് ചെയ്തു. വനം വകുപ്പ് ഉദ്യോഗസ്ഥനായ വേണുവിന്‍റെ നിർദേശപ്രകാരമാണ് ചന്ദനതടികൾ സുഭാഷിന്‍റെ വാഹനത്തിൽവെച്ചതെന്നും 2000 രൂപ പണം വാഗ്ദാനം ചെയ്തെന്നും കുട്ടൻ വെളിപ്പെടുത്തി.

മുൻവൈരാഗ്യമാണ് കള്ളകേസിൽ കുടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് ആരോപണം. തുടർന്ന് നടത്തിയ വകുപ്പ് തല അന്വേഷണത്തിലാണ് സിഎസ് വേണു കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 3 മാസത്തേക്കാണ് ഉദ്യോഗസ്ഥനെ സസ്പെന്‍റ് ചെയ്തത്. ഉത്തരമേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡി.കെ വിനോദ്കുമാറിന്‍റേതാണ് നടപടി. വയനാട് വന്യജീവി സങ്കേതം വൈൽഡ് ലൈഫ് വാർ‍ഡനാണ് റിപ്പോർട്ട് സമർപ്പിച്ചത്. കേസുമായി ബന്ധപ്പെട്ട് അടുത്ത ദിവസങ്ങളിൽ തെളിവെടുപ്പുണ്ടാകും. എന്നാൽ വനം വകുപ്പിലെ ചില ഉദ്യോഗസ്ഥർ ചേർന്ന് നടത്തിയ ഗൂ‍ഢാലോചനയാണ് തനിക്കെതിരായ നടപടിക്ക് കാരണമെന്ന് സിഎസ് വേണു പ്രതികരിച്ചു.

കഴിഞ്ഞ ഓഗസ്റ്റ് 28ന് രാവിലെ സുഭാഷിന്റെ ജീപ്പില്‍ നിന്ന് ചാക്കില്‍ കെട്ടിയ നിലയില്‍ ചന്ദനത്തടികള്‍ പഴൂര്‍ ഫോറസ്റ്റ് ഓഫീസില്‍ നിന്നെത്തിയ ഉദ്യോഗസ്ഥര്‍ കണ്ടെടുക്കുകയായിരുന്നു. 20 കിലോയോളം തൂക്കമുള്ള നാലടി നീളം വരുന്ന രണ്ട് ചന്ദനമുട്ടികളായിരുന്നു കണ്ടെത്തിയത്. വീട്ടിലേക്ക് കൊണ്ടുപോകാന്‍ കഴിയാത്തതിനാല്‍ അയല്‍വീട്ടിലാണ് സുഭാഷ് തന്റെ ജീപ്പ് നിര്‍ത്തിയിടാറുണ്ടായിരുന്നത്.

Related Articles

Latest Articles