തിരുവനന്തപുരം: നമ്പി നാരായണൻ ജീവിതകഥ പ്രതിപാദിച്ച റോക്കട്രി ദ നമ്പി എഫക്ട് എന്ന സിനിമയിലും നമ്പി നാരായണൻ നടത്തുന്ന ചാനൽ ചർച്ചകളിലും പറയുന്നത് സത്യമല്ല എന്നാരോപിച്ച് ഐ.എസ്.ആർ.ഒ യിലെ മുൻശാസ്ത്രജ്ഞന്മാർ രംഗത്ത്. നമ്പി നാരായണനെ അറസ്റ്റു ചെയ്തതു കൊണ്ട് ക്രയോജനിക് എൻജിൻ ഉണ്ടാക്കാൻ വൈകിയെന്നും രാജ്യത്തിനു വലിയ സാമ്പത്തിക നഷ്ടം ഉണ്ടായെന്നും നമ്പി പ്രചരിപ്പിക്കുന്നത് തെറ്റാണെന്ന് ശാസ്ത്രജ്ഞന്മാർ പറയുന്നു.
നമ്പി നാരായണനു ലഭിച്ച പത്മഭൂഷൺ ഐ.എസ് ആർ.ഒയിലെ പ്രവർത്തനങ്ങൾക്ക് അല്ലെന്നും സ്‌പേസ് വകുപ്പ് ശുപാർശ ചെയ്തിട്ടില്ല. പുരസ്‌കാരം കിട്ടി കഴിഞ്ഞ് എങ്ങനെ ഒപ്പിച്ചു എന്ന ചോദ്യത്തിന് കേസിന്റെ കാര്യം പറഞ്ഞു പഴയബന്ധങ്ങൾ ഉപയോഗപ്പെടുത്തി എന്ന് നമ്പിനാരായണൻ പറഞ്ഞെന്ന് സഹപ്രവർത്തകരായിരുന്ന ശാസ്ത്രജ്ഞർ . നമ്പി നാരായണന്റെ ജീവിതവുമായി ബന്ധപ്പെട്ടുള്ള സിനിമയിൽ തെറ്റായ കാര്യങ്ങൾ പറയുന്നതിനാലാണ് മാധ്യമങ്ങളെ കാണേണ്ടി വന്നതെന്നും ഇന്ന് തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ അവർ വ്യക്തമാക്കി.
ഡോ: എ.ഇ മുത്തുനായകം,ഡി ശശികുമാരൻ, പ്രൊഫ. ഇ.വി എസ് നമ്പൂതിരി, ശ്രീധരൻദാസ്, ഡോ:ആദിമൂർത്തി, ഡോ: മജീദ്, ജോർജ്ജ് കോശി, കൈലാസനാഥൻ, ജയകുമാർ എന്നീ ശാസ്ത്രജ്ഞരാണ് അദ്ദേഹത്തിനെതിരായി ആഞ്ഞടിച്ചത്. ഐഎസ്ആർഒ സ്വന്തമായി ക്രയോജനിക് എൻജിൻ ഉണ്ടാക്കുന്നതിനുള്ള നടപടികൾ തുടങ്ങിയത് എൻപതുകളുടെ പകുതിയിലാണെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു. ഇവിഎസ് നമ്പൂതിരിക്കായിരുന്നു ചുമതല. 12 വോളിയം നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് വികസിപ്പിച്ചു. അക്കാലത്ത് നമ്പി നാരായണന് ക്രയോജനിക്കുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല. പിന്നീട് ജ്ഞാനഗാന്ധിയുടെ നേതൃത്വത്തിൽ ക്രയോജനിക് എൻജിൻ വികസിപ്പിക്കുന്ന പ്രവർത്തനം തുടങ്ങിയെങ്കിലും ആ ടീമിലും നമ്പി ഉണ്ടായിരുന്നില്ല.
വ്യാജ അവകാശവാദങ്ങൾ ഉന്നയിച്ച് ഐ.എസ്.ആർ ഒ യേയും ശാസ്ത്രജ്ഞന്മാരേയും അപമാനിക്കാൻ ശ്രമിച്ചതുകൊണ്ടാണ് ഈ വിവരം പൊതുസമൂഹത്തെ അറിയിക്കാൻ തയ്യാറയത് എന്ന് ഇവർ പറഞ്ഞു.
ഐ.എസ് ആർ ഒ യിലെ എല്ലാ പ്രവർത്തനങ്ങളുടെയും പിതാവ് താൻ ആണെന്നാണ് നമ്പി നാരായണന്റെ വാദം. മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൾകലാമിനെ പൊലും താൻ തിരുത്തി എന്നും സിനിമയിൽ പറയുന്നുണ്ട്. ഇത് രണ്ടും തെറ്റായ വാദമാണ്.
ഇന്ത്യൻ പ്രൊപ്പൽഷെൽ ടെക്‌നോളജിയുടെ പിതാവ് എന്നറിയപ്പെടുന്ന ഡോ: എ.ഇ മുത്തുനായകം എൽ.പി.എസ്.സി (ലിക്വിഡ് പ്രൊപ്പഷൽ സിസ്റ്റം) സ്ഥാപക ഡയറക്ടറായി ഇരിക്കെ മുത്തുനായകത്തിന്റെ കീഴിലാണ് നമ്പി ജോലി ചെയ്തത്.
1990ൽ ക്രയോജനിക് പ്രൊപ്പൽഷൻ സിസ്റ്റം പ്രോജക്ട് എൽപിഎസ്‍സിയിൽ തുടങ്ങിയപ്പോൾ നമ്പി നാരായണനെ താൻ പ്രോജക്ട് ഡയറക്ടറാക്കിയെന്നു എൽപിഎസ്‍സി ഡയറക്ടറായിരുന്ന മുത്തു നായകം പറഞ്ഞു. 1993ൽ ക്രയോജനിക് എൻജിൻ സാങ്കേതിക വിദ്യ കൈമാറാൻ റഷ്യയുമായി കരാറിൽ ഏർപ്പെട്ടു. കരാറിന്റെ കാര്യങ്ങൾ റഷ്യയുമായി സംസാരിക്കാൻ ജ്ഞാനഗാന്ധിയെ ചുമതലപ്പെടുത്തി. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ടീമാണ് റഷ്യയിലേക്കു പോയത്.
അമേരിക്കൻ സമ്മർദത്തെ തുടർന്ന് റഷ്യ കരാറിൽനിന്ന് പിൻമാറി. റഷ്യയുമായി വീണ്ടും ചർച്ച നടത്തി 1993 ഡിസംബറിൽ കരാർ പുതുക്കി. സാങ്കേതിക വിദ്യ കൈമാറുന്നതിനു പകരം എൻജിൻ കൈമാറാൻ തീരുമാനിച്ചു. 1994 നവംബറിൽ നമ്പി സ്വയം വിരമിക്കാൻ അപേക്ഷ നൽകി. ആ മാസം തന്നെ അറസ്റ്റിലായതോടെ ക്രയോജനിക് ടീമിൽനിന്ന് അദ്ദേഹം പുറത്തായി. 1994ൽ എൽപിഎസ്‍സി വിട്ടശേഷം നമ്പി നാരായണന് ക്രയോജനിക് വികസിപ്പിക്കലുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല. നമ്പിയാണ് വികാസ് എൻജിൻ വികസിപ്പിച്ചതെന്ന വാദവും തെറ്റാണ്.
ഫ്രാൻസിന്റെ വൈക്കിങ് എൻജിനാണ് വികാസായി വികസിപ്പിച്ചത്. 1974ലാണ് ഫ്രാൻസിലെ സ്ഥാപനവുമായി കരാറിൽ ഒപ്പിട്ടത്. ഫ്രാൻസിലേക്കു പോയ സംഘത്തിന്റെ മാനേജരായിരുന്നു നമ്പി. മാനേജ്മെന്റ് വര്‍ക്കാണ് നമ്പി ചെയ്തത്. ടെക്നിക്കിൽ വർക്കുകൾ മറ്റുള്ളവരാണ് ചെയ്തത്. ഒരുവലിയ സംഘം ശാസ്ത്രജ്ഞരുടെ വിജയമാണ് വികാസ് എൻജിന്റേതെന്നും മുത്തു നായകം വ്യക്തമാക്കി.

