മാവേലിക്കര: മാവേലിക്കര മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ എം.മുരളി അന്തരിച്ചു. 73 വയസായിരുന്നു. പരിശോധനയ്ക്കായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിയ അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായായിരുന്നുവെന്നാണ് വിവരം. രാജീവ് ഗാന്ധി പഞ്ചായത്തീരാജ് സമിതി സംസ്ഥാന ചെയർമാനായിരുന്നു.
മാവേലിക്കര ചെറുകോൽ വൈപ്പു വിളയിൽ പരേതനായ കെ.പി. മാധവൻ പിള്ളയുടെയും വി.കെ. രാജമ്മയുടെയും മകനാണ്. 1969-ൽ കെ.എസ്.യു. അംഗമായി പൊതുപ്രവർത്തനത്തിലേക്കെത്തി. കെ.പി.സി.സി. മുൻ ജനറൽ സെക്രട്ടറി, കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റ്, യൂത്ത്കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, ദേശീയകൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.
1987-ൽ ദില്ലിയിലെ ചേരിചേരാ രാഷ്ട്രങ്ങളിലെ യുവസമ്മേളനത്തിന്റെ കോ-ഓർഡിനേറ്റർ, എം.ജി. സർവകലാശാലയിലെ ആദ്യ സെനറ്റ് അംഗം കെ.എസ്.ഇ.ബി., കെ.എസ്.എഫ്.ഇ., കെ.എസ്.ആർ.ടി.സി., കേരള യുവജനക്ഷേമ ബോർഡ് തുടങ്ങിയവയിൽ നേതൃസ്ഥാനത്തുണ്ടായിരുന്നു. 1991, 1996, 2001, 2006 വർഷങ്ങളിൽ മാവേലിക്കരയെ നിയമസഭയിൽ പ്രതിനിധീകരിച്ചു. ദേവസ്വംബോർഡ് കോളേജിൽ അദ്ധ്യാപികയായ പ്രൊഫ. കെ.എസ്. രമാദേവിയാണ് ഭാര്യ. മക്കൾ: ഡോ. മിഥുൻ, മൃദുൽ, മൃണാൾ.

