Tuesday, May 21, 2024
spot_img

ക്രാന്തദര്‍ശിയായ ഭരണാധികാരി; സി. അച്യുതമേനോൻ ഓർമയായിട്ട് 30 വർഷം

തൃശ്ശൂർ: ഉദാത്ത ആശയങ്ങളിൽ അടിയുറച്ച വ്യക്തിത്വം, സി അച്യുതമേനോൻ ഓർമ്മയായിട്ട്‌ 30 വർഷങ്ങൾ. ആധുനിക കേരളത്തിന്റെ ചരിത്രത്തില്‍ സുവര്‍ണ ലിപികളില്‍ അടയാളപ്പെടുത്തിയ നാമമാണ് അച്യുതമേനോന്റേത്. കേരളപ്പിറവിക്കുശേഷം സംസ്ഥാനം കൈവരിച്ച പല നേട്ടങ്ങളുടെയും പിന്നില്‍ അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണവും ഭരണപാടവവും തെളിഞ്ഞുകാണാം. 1969 ഒക്‌ടോബര്‍ ഒന്നു മുതല്‍ 1977 മാര്‍ച്ച് വരെയുള്ള കാലയളവില്‍ മുഖ്യമന്ത്രിയായിരുന്ന അച്യുതമേനോന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റിമറിച്ചു.

കേരളത്തിന്റെ അഭിമാനമായി നിലകൊള്ളുന്ന ശാസ്ത്രസാങ്കേതിക ഗവേഷണ സ്ഥാപനങ്ങളായ ശ്രീചിത്രാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസ്, കേരള കാര്‍ഷിക സര്‍വകലാശാല, വനഗവേഷണ കേന്ദ്രം, സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ്, സി.ഡബ്ല്യു.ആര്‍.ഡി.എം എന്നിങ്ങനെയുള്ള സ്ഥാപനങ്ങള്‍ അദ്ദേഹത്തിന്റെ ഭരണകാലത്താണ് ആരംഭിച്ചത്.

തുടർച്ചയായി രണ്ടു തവണ മുഖ്യമന്ത്രി പദവി വഹിച്ച ആദ്യ കേരളീയനാണ് സി.അച്യുത മേനോൻ. 1969ലും 70ലും അദ്ദേഹം മുഖ്യമന്ത്രിയായി. മുഖ്യമന്ത്രി പദവി ഒഴിഞ്ഞ ശേഷം തൃശൂരിലും തിരുവനന്തപുരത്തുമായി എഴുത്തും വായനയും രാഷ്ട്രീയവുമായി അദ്ദേഹം ജീവിച്ചു. പാർട്ടി പദവികളിൽ നിന്നും മാറി നിൽക്കാൻ സ്വയം തീരുമാനിച്ചു. ക്വിറ്റ് ഇന്ത്യ സമരം മുതൽ കമ്യൂണിസ്‌റ്റ് പാർട്ടി നിരോധനം വരെ പല സമയത്തും അദ്ദേഹം ജയിലിലായിരുന്നു. എന്നാൽ ഒരിടത്തുപോലും അദ്ദേഹം തന്റെ ത്യാഗജീവിതം പ്രസംഗിച്ചില്ല.

എന്നാൽ തൃശൂർ നഗരത്തിൽ ഇന്നും അദ്ദേഹത്തിനു പ്രതിമകളോ സ്മാരകങ്ങളോ ഇല്ല. 3 വർഷം മുൻപു പ്രതിമ സ്ഥാപിക്കാൻ കോർപറേഷൻ തീരുമാനിച്ചെങ്കിലും ഇപ്പോഴും സ്ഥലം അന്വേഷിച്ചു നടക്കുകയാണ്. ഈ നഗരത്തിൽ ജനിച്ചു ജീവിച്ച കെ. കരുണാകരനും പഠിച്ച ഇഎംഎസിനും ഇവിടെ പ്രതിമയുണ്ട്. എന്നാൽ ഇദ്ദേഹത്തിന് മാത്രം ഇല്ല. സ്മാരകവും പ്രതിമയും വേണ്ടെന്നു അച്യുതമേനോൻ പറഞ്ഞു എന്നതാണ് ഇതുവരെ സിപിഐ ഇതിനു പറഞ്ഞിരുന്ന ന്യായം.

അതേസമയം നേതാക്കളുടെ ധൂർത്തിന്റെ കഥ വായിക്കുമ്പോൾ ഇന്നും ആളുകൾ അച്യുതമേനോനെന്ന മുൻ മുഖ്യമന്ത്രിയുടെ ലാളിത്യം ഓർക്കുന്നു. തികഞ്ഞ ലാളിത്യം അച്യുതമേനോന്റെ മുഖമുദ്രയായിരുന്നു. തിരുവനന്തപുരത്ത് നിന്ന് തൃശ്ശൂരിലേക്ക് കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്ര ചെയ്യുന്ന മുഖ്യമന്ത്രി, തൃശൂരിലെ തേക്കിന്‍കാട് മൈതാനത്ത് സായാഹ്നങ്ങളില്‍ സാധാരണക്കാര്‍ക്കൊപ്പം നടന്നു നീങ്ങുന്ന, വീട്ടാവശ്യങ്ങള്‍ക്ക് കടയില്‍ നിന്നും വാങ്ങിയ സാധനങ്ങളുടെ പൊതിക്കെട്ടുകള്‍ കൈകളിലേന്തി നടന്നുപോകുന്ന മുന്‍മുഖ്യമന്ത്രി’ ഏവരിലും കൗതുകം ഉണര്‍ത്തി. 1991 ആഗസ്ത് 16നാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles