Friday, May 10, 2024
spot_img

കൊയിലാണ്ടിയിൽ വീണ്ടും തട്ടിക്കൊണ്ടുപോകൽ; പിന്നിൽ സ്വർണക്കടത്ത് സംഘമെന്ന് പോലീസ്

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ വീണ്ടും തട്ടിക്കൊണ്ടുപോകൽ. മുത്താമ്പി തോണിയാടത്ത് ഹനീഫയെയാണ് ഇന്നലെ രാത്രി ഒരു സംഘമാളുകൾ വീട്ടിലെത്തി തട്ടിക്കൊണ്ട് പോയത്. സംഘത്തിൽ അഞ്ച് പേരോളം ഉണ്ടെന്നാണ് വീട്ടുകാർ പറയുന്നത്. തട്ടിക്കൊണ്ടുപോകലിന് പിന്നിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട തർക്കങ്ങളാകാം എന്നാണ് പൊലീസ് സംശയിക്കുന്നത്. എന്നാൽ ഇതുവരെ എവിടെയാണ് ഇയാളെന്ന് സൂചന നൽകുന്ന ഒരു ഫോൺകോളോ മറ്റ് സന്ദേശങ്ങളോ ഒന്നും തന്നെ വീട്ടുകാർക്ക് ലഭിച്ചിട്ടില്ല.

സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയെന്ന രീതിയിലുള്ള അന്വേഷണമാണ് പൊലീസിപ്പോൾ വിഷയത്തിൽ നടത്തിക്കൊണ്ടിരിക്കുന്നത്. അജ്ഞാതർ തട്ടിക്കൊണ്ടുപോയ ഹനീഫ ഏതെങ്കിലും തരത്തിൽ സ്വർണക്കടത്തിനുള്ള ക്യാരിയറായി പ്രവർത്തിച്ചിരുന്നോ എന്ന രീതിയിലും പൊലീസ് അന്വേഷണം നടത്തി വരികയാണ്.

അതേസമയം നേരത്തേ കൊയിലാണ്ടി ഊരള്ളൂർ സ്വദേശിയായിരുന്ന അഷ്റഫ് എന്നയാളെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട തർക്കങ്ങളെത്തുടർന്ന് തട്ടിക്കൊണ്ട് പോയിരുന്നു. ഇത് കഴിഞ്ഞ് കൃത്യം ഒരു മാസം പിന്നിടുമ്പോഴാണ് ഹനീഫയെ തട്ടിക്കൊണ്ട് പോകുന്നത്. അഷ്റഫിനെ തട്ടിക്കൊണ്ടുപോയ കേസിൽ ഇത് വരെ മൂന്ന് പേരെ മാത്രമേ അറസ്റ്റ് ചെയ്യാൻ പൊലീസിനായിട്ടുള്ളൂ. പ്രധാന പ്രതികളെ ആരെയും ഇതുവരെ പൊലീസിന് പിടികൂടാൻ കഴിഞ്ഞിട്ടില്ല.

കൊടുവള്ളി സ്വദേശി പൂമുള്ളന്‍കണ്ടിയില്‍ നൗഷാദ്, കിഴക്കോത്ത് സ്വദേശി താന്നിക്കല്‍ മുഹമ്മദ് സാലിഹ്, നെല്ലാംകണ്ടി സ്വദേശി കളിത്തൊടുകയില്‍ സൈഫുദ്ദീന്‍ എന്നിവരെയാണ് അഷ്റഫിനെ തട്ടിക്കൊണ്ട് പോയതുമായി ബന്ധപ്പെട്ട കേസിൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് കൊയിലാണ്ടി സ്വദേശിയെ തട്ടിക്കൊണ്ട് പോയതുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുമോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. കൊടുവള്ളി സംഘമാണ് കൊയിലാണ്ടിയിലെ അഷ്റഫിനെ തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പൊലീസ് ഉറപ്പിച്ച് പറയുന്നത്. തട്ടിക്കൊണ്ട് പോകലിന് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് ഉറപ്പായ സാഹചര്യത്തില്‍ കസ്റ്റംസ് സംഘം പൊലീസിൽ നിന്ന് വിവരം ശേഖരിച്ചിരുന്നു. ഈ പുതിയ കേസിലും കസ്റ്റംസ് ഇടപെടാനാണ് സാധ്യത.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles