മുംബൈ: പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജോയ് തോമസ് അനധികൃത സ്വത്ത് സമ്പാദനത്തിനായി പേരുമാറ്റി ജുനൈദ് ഖാന്‍ ആയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍. പി എം സിയുടെ മുന്‍ മാനേജിംഗ് ഡയറക്ടറാണ് മലയാളിയായ ജോയ് തോമസ്. ഇയാള്‍ പേരുമാറ്റി ജുനൈദ് ഖാനായ ശേഷം ആ പേരില്‍ സ്വത്ത് സമ്പാദനം നടത്തുകയും ഇസ്ലാമിക ആചാരപ്രകാരം തന്‍റെ സെക്രട്ടറിയെ രണ്ടാമത് വിവാഹം കഴിക്കുകയും ചെയ്തു. 2012ലായിരുന്നു ഇത്.
രണ്ടാം ഭാര്യയുടെ പേരിലാണ് ഇയാള്‍ സമ്പാദിച്ച നിരവധി അനധികൃത വസ്തുവകകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മുംബൈയില്‍ നാല് ഫ്ളാറ്റുകളും താനെയിലും മറ്റ് പ്രദേശങ്ങളിലും വസ്തുവകകളും ജുനൈദ് ഖാന്‍ എന്ന പേരില്‍ ജോയ് തോമസ് വാങ്ങിച്ചതായി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റാണ് കണ്ടെത്തിയത്. രണ്ടാം ഭാര്യയുടെ പേരില്‍ 9 ഫ്ളാറ്റുകളാണ് പൂനെയില്‍ ഉള്ളത്. ഇതിന് അഞ്ച് കോടി വരെ വില വരും.
ധനകാര്യ സ്ഥാപനമായ എച്ച് ഡി ഐ എല്ലിന് മാനദണ്ഡങ്ങള്‍ മറികടന്ന് പി എം സി ബാങ്ക് 4,300 കോടി രൂപ വായ്പ നല്‍കിയെന്നും അത് മറച്ചുവെക്കാന്‍ വ്യാജരേഖ ചമച്ചെന്നുമാണ് കേസ്. കിട്ടാക്കടങ്ങള്‍ മറച്ചുവച്ച് പി എം സി റിസര്‍വ് ബാങ്കിനെയും നിക്ഷേപകരെയും ഒരു പതിറ്റാണ്ടായി പറ്റിക്കുകയായിരുന്നു എന്നാണ് പരാതി. തട്ടിപ്പ് പുറത്തുവന്നതോടെ നിക്ഷേപകര്‍ സമരത്തിലാണ്. പി എം സി തട്ടിപ്പില്‍ എച്ച് ഡി ഐ എല്ലിന്‍റെ രണ്ട് ഡയറക്ടര്‍മാരെയും നേരത്തെ മുംബൈ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തിരുന്നു. എച്ച് ഡി ഐ എല്ലിന്‍റെ 3300 കോടി വില വരുന്ന ആസ്തികളും മരവിപ്പിച്ചു.
ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം ജോയ് തോമസെന്ന ജുനൈദ് ഖാനെ അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. തട്ടിപ്പിന്‍റെ കൂടുതല്‍ രഹസ്യങ്ങള്‍ ജോയ് തോമസില്‍ നിന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
ജോയ് തോമസ് എച്ച് ഡി ഐ എല്‍ ഡയറക്ടര്‍മാരുമായി ചേര്‍ന്ന് സ്വന്തം സ്ഥാപനമായ പി എം സി യെ നശിപ്പിച്ചുവെന്ന് നിക്ഷേപകരും അന്വേഷണ ഉദ്യോഗസ്ഥരും പറയുമ്പോള്‍ കേസില്‍ വമ്പന്‍ സ്രാവുകളെ രക്ഷിക്കാന്‍ ജോയ് തോമസിനെ ബലിയാടാക്കുകയായിരുന്നുവെന്നാണ് ഇയാളുടെ അഭിഭാഷകന്‍ രാകേഷ് സിങ് പറയുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന മഹാരാഷ്ട്രയില്‍ ചൂടേറിയ വിവാദങ്ങള്‍ക്ക് വഴി വച്ചിരിക്കുകയാണ് ഒരു മലയാളി കേന്ദ്രബിന്ദുവായ ഈ വമ്പന്‍ തട്ടിപ്പ്.

