Tuesday, May 7, 2024
spot_img

കരുവന്നൂർ തട്ടിപ്പ്: എ കെ ജി സെന്ററിലെ ഫ്രാക്ഷൻ യോഗം, ഉന്നതരിലേക്ക് അടുക്കുന്ന ഇ ഡി യെ നേരിടാൻ ? എം വി ഗോവിന്ദനും എം കെ കണ്ണനും പങ്കെടുക്കുന്നു; നിർണ്ണായക അറസ്റ്റുകൾക്കായി ഹെഡ്ക്വാർട്ടേഴ്‌സ് തീരുമാനം കാത്ത് ഇ ഡി ?

തിരുവനന്തപുരം: കരുവന്നൂർ തട്ടിപ്പ് കേസിൽ ഇ ഡി സിപിഎമ്മിലെ ഉന്നത നേതാക്കളിലേക്ക് അടുക്കുമ്പോൾ എ കെ ജി സെന്ററിൽ ഫ്രാക്ഷൻ യോഗം. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും കേസിൽ കഴിഞ്ഞ ദിവസം ചോദ്യം ചെയ്യാൻ വിളിപ്പിച്ച കേരളാ ബാങ്ക് വൈസ് പ്രസിഡന്റ് എം കെ കണ്ണനും അടക്കമുള്ള ഉന്നതർ യോഗത്തിൽ പങ്കെടുക്കുന്നു. കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപകർക്ക് ഉടൻ പണം മടക്കി കൊടുക്കാനുള്ള നടപടികൾ സിപിഎം ചർച്ചചെയ്യുന്നു എന്നാണ് പ്രചരിക്കുന്ന വാർത്ത. കേരളാ ബാങ്കിൽ നിന്നും 100 കോടി രൂപയുടെ അഡ്വാൻസ് കരുവന്നൂരിന് അനുവദിച്ച് നിക്ഷേപകർക്ക് പണം മടക്കി നൽകി ജനരോഷം തണുപ്പിക്കുകയും കൂടുതൽ പരാതികളും വെളിപ്പെടുത്തലുകളും തടയുകയുമാണ് ലക്ഷ്യമെന്നാണ് വാർത്ത.

എന്നാൽ പാർട്ടിയുടെ ഉന്നതരിലേക്ക് ഇ ഡി അന്വേഷണം എത്തുമ്പോൾ പ്രതിരോധം തീർക്കേണ്ടതെങ്ങനെ എന്ന ആലോചനയാണ് നടക്കുന്നത് എന്ന വാദവുമുണ്ട്. കേസിലെ പ്രധാന പ്രതിയായ സതീഷ്‌കുമാറുമായുള്ള സാമ്പത്തിക ഇടപാടുകളുടെ പേരിൽ ഇ ഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ച കേരളാ ബാങ്ക് വൈസ് പ്രസിഡന്റ് എം കെ കണ്ണൻ ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് മുന്നേ മുഖ്യമന്ത്രിയെ കണ്ടത് വിവാദമായിട്ടുണ്ട്. കരുവന്നൂരിന് കേരളാബാങ്കിന്റെ സാമ്പത്തിക സഹായം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളാണ് മുഖ്യമന്ത്രിയുമായി നടത്തിയതെന്നും ഇന്ന് കേരളാ ബാങ്ക് ഡയറക്ടർ ബോർഡ് യോഗം ചേരുമെന്നും കണ്ണൻ പറഞ്ഞിരുന്നു. എന്നാൽ കേരളാ ബാങ്ക് ഡയറക്ടർ ബോർഡ് യോഗം ഇന്ന് വിളിച്ചു ചേർത്തിട്ടില്ല. റിസർവ് ബാങ്ക് അനുമതിയില്ലാതെ കരുവന്നൂരിന് സാമ്പത്തിക സഹായം നൽകാൻ കേരളാ ബാങ്കിന് കഴിയില്ല എന്നാണ് ബിജെപി നേതാക്കൾ പറയുന്നത്.

അതിനിടെ കേസുമായി ബന്ധപ്പെട്ട നിർണ്ണായക അറസ്റ്റുകളിലേക്ക് വരും ദിവസങ്ങളിൽ ഇ ഡി കടന്നേക്കുമെന്ന സൂചനയുണ്ട്. മുൻ മന്ത്രി എ സി മൊയ്‌തീനെയും എം കെ കണ്ണനെയും അറസ്റ്റ് ചെയ്യുന്ന കാര്യത്തിൽ ഹെഡ്ക്വാർട്ടേഴ്‌സിന്റെ തീരുമാനം കാത്തിരിക്കുകയാണ് അന്വേഷണ സംഘം. കേസന്ന്വേഷണവുമായി നിസ്സഹകരിക്കുകയാണ് ഇരുവരും. ഇന്നലെ ചോദ്യം ചെയ്യലിനെത്തിയ കണ്ണൻ ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതായും ചോദ്യം ചെയ്യൽ മാറ്റിവച്ചതായുമാണ് ഇ ഡി അറിയിക്കുന്നത്. മുൻമന്ത്രി എ സി മൊയ്തീനെ രണ്ടാം ഘട്ട ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരുന്നെങ്കിലും ഇതുവരെ ഹാജരായിട്ടില്ല. സിപിഎം അത്താണി ലോക്കൽ കമ്മിറ്റി അംഗവും വടക്കാഞ്ചേരി നഗരസഭാ കൗൺസിലറുമായ അരവിന്ദാക്ഷനെയും പാർട്ടി നോമിനിയായി നിയമിതനായിരുന്ന മുൻ ചീഫ് അക്കൗണ്ടന്റിനെയും ഇ ഡി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു

Related Articles

Latest Articles