Sunday, October 11, 2026

‘ഗുരുപ്രസാദ് മാസ്റ്ററെ ഒരു ചുക്കും ചെയ്യാനാവില്ല: വോട്ടുബാങ്ക് രാഷ്ട്രീയക്കാർ തോറ്റുതുന്നം പാടും. കാത്തിരുന്ന് കാണാം’; സവർക്കർ പരാമർശത്തിൽ സർക്കാരിനെ വെല്ലുവിളിച്ച് കെ. സുരേന്ദ്രൻ

തിരുവനന്തപുരം: ഫ്രീഡം ക്വിസ് മത്സരത്തിൽ വി.ഡി. സവർക്കറെക്കുറിച്ചുള്ള ചോദ്യം തയ്യാറാക്കിയതിന്റെ പേരിൽ കാസർഗോഡ് പള്ളത്തടുക്ക എ.യു.പി സ്കൂൾ അധ്യാപകൻ ഗുരുപ്രസാദിനെ സസ്പെൻഡ് ചെയ്ത സർക്കാർ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് കെ. സുരേന്ദ്രൻ.

“ഗുരുപ്രസാദ് മാസ്റ്ററെ ഒരു ചുക്കും ചെയ്യാൻ ഈ സർക്കാരിനാവില്ല” എന്നാണ് കെ. സുരേന്ദ്രന്റെ പ്രതികരണം. സ്കൂൾ വിദ്യാർഥികൾക്കായി നടത്തിയ ഫ്രീഡം ക്വിസിൽ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ കാലം ജയിലിൽ കിടന്നത് വി.ഡി. സവർക്കറാണെന്ന ചോദ്യം ഉൾപ്പെടുത്തിയതിനാണ് അധ്യാപകനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അധ്യാപകനെതിരായ നടപടി അങ്ങേയറ്റം അപലപനീയമാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് സവർക്കർ ദീർഘകാലം ജയിൽവാസം അനുഭവിച്ചെന്നത് ചരിത്രവസ്തുതയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ഏത് കോടതിയിലും അധ്യാപകന് തന്റെ നിരപരാധിത്വം തെളിയിക്കാനാകുമെന്നും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും പലിശ സഹിതം തിരികെ ലഭിക്കുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. നീതിക്കായുള്ള പോരാട്ടത്തിൽ ഗുരുപ്രസാദിന് എല്ലാ സഹായവും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

സവർക്കറുടെ ജയിൽവാസവും അദ്ദേഹത്തിനെതിരായ മാപ്പപേക്ഷാ ആരോപണവും സംബന്ധിച്ചും കെ. സുരേന്ദ്രൻ പ്രതികരിച്ചു. സവർക്കർ ദീർഘകാലം ജയിലിൽ കഴിഞ്ഞിരുന്നുവെന്ന കാര്യത്തിൽ ആർക്കും തർക്കമില്ലെന്നും, ബ്രിട്ടീഷ് സർക്കാരിന് മാപ്പപേക്ഷ നൽകിയെന്ന ആരോപണം ഇപ്പോഴും തർക്കവിഷയമാണെന്നും അദ്ദേഹം പറഞ്ഞു.

സവർക്കർ ജയിലിൽ നിന്ന് പുറത്തിറങ്ങുന്നതിനായി മാപ്പപേക്ഷ നൽകിയെന്ന ആരോപണമാണ് കോൺഗ്രസും ഇടതുപക്ഷ സംഘടനകളും പ്രധാനമായും ഉന്നയിക്കുന്നതെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു. അതേസമയം, സവർക്കറുടെ കൊച്ചുമകൻ സത്യകി സവർക്കർ ഈ വിഷയത്തിൽ അടുത്തിടെ നടത്തിയ പരാമർശവും അദ്ദേഹം ചൂണ്ടിക്കാട്ടി. “വോട്ടുബാങ്ക് രാഷ്ട്രീയക്കാർ തോറ്റുതുന്നം പാടും. കാത്തിരുന്ന് കാണാം” എന്ന വെല്ലുവിളിയോടെയാണ് കെ. സുരേന്ദ്രൻ പ്രതികരണം അവസാനിപ്പിച്ചത്.

Related Articles

Latest Articles