ബമാകോ: പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ അല്‍ ഖായിദയുടെ മുതിര്‍ന്ന കമാന്‍ഡര്‍ ജമാല്‍ ഒകാചയെയും 11 ഭീകരരെയും ഫ്രഞ്ച് സൈന്യം വധിച്ചു. യഹ്‌യ അബു അല്‍ ഹമാം എന്നറിയപ്പെടുന്ന ഒകാചയും അനുചരന്മാരും യാത്രചെയ്തിരുന്ന വാഹനവ്യൂഹത്തിനു നേരെ ഫ്രഞ്ച് ഹെലികോപ്റ്ററുകള്‍ നടത്തിയ മിന്നലാക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്.

ഉത്തര, പശ്ചിമ ആഫ്രിക്കയില്‍ ഒട്ടേറെ പാശ്ചാത്യരെ തട്ടിക്കൊണ്ടുപോയി വിലപേശുകയും കൊല്ലുകയും ചെയ്തത് ജമാല്‍ ഒകാചയുടെ (40) നേതൃത്വത്തിലുള്ള ഭീകരരായിരുന്നുവെന്ന് യുഎസ് ചൂണ്ടിക്കാട്ടി. പല ഭീകരാക്രമണങ്ങളും ആസൂത്രണം ചെയ്തതും ഭീകരര്‍ക്കു സാമ്പത്തിക സഹായം നല്‍കിയതും ഇയാളായിരുന്നു.

വടക്കന്‍ അള്‍ജീരിയയില്‍ ജനിച്ച ഒകാച 1990 കാലഘട്ടത്തില്‍ ഭീകരപ്രവര്‍ത്തനത്തിന് 18 മാസം ജയിലില്‍ കിടന്നിട്ടുണ്ട്. 2013 ല്‍ അല്‍ഖായിദയുടെ ദക്ഷിണ അള്‍ജീരിയ, അള്‍ജീരിയയുടെ അതിര്‍ത്തിയോടു ചേര്‍ന്നുള്ള ഉത്തര മാലി എന്നിവിടങ്ങളിലെ ആക്രമണങ്ങള്‍ക്കു നേതൃത്വം നല്‍കി.