Tuesday, May 21, 2024
spot_img

ഗ്രേസ് മാർക്കിന്റെ സഹായമില്ലാതെ എഴുതിയെടുത്തത് ഫുൾ എ പ്ലസ്; നാടിന്റെ നോവായി സാരംഗ്

തിരുവനന്തപുരം : അകാലത്തിൽ വേർപിരിഞ്ഞിട്ടും പത്തുപേർക്ക് പുതു ജീവിതം നൽകിയ ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥി ബി.ആർ.സാരംഗിന് 10–ാം ക്ലാസിൽ എല്ലാ വിഷയത്തിനും എ പ്ലസ്. ഗ്രേസ് മാർക്കിന്റെ സഹായമില്ലാതെയാണ് സാരംഗ് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയത്. അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന സാരംഗിന്റെ മരണം ബുധനാഴ്ച രാവിലെയാണ് സ്ഥിരീകരിച്ചത്.

കഴിഞ്ഞ ആറിന് വൈകുന്നേരം മൂന്നുമണിക്ക് അമ്മയോടൊപ്പം ഓട്ടോറിക്ഷയിൽ സഞ്ചരിക്കുമ്പോൾ തോട്ടക്കാട് വടക്കോട്ടുകാവ് കുന്നത്തുകോണം പാലത്തിനു സമീപത്ത് വച്ച് നടന്ന അപകടത്തിലാണ് സാരംഗിന് ഗുരുതരമായി പരിക്കേറ്റത്.

മകനെ നഷ്ടമായതിന്റെ വേദനയ്ക്കിടയിലും അവന്റെ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കളായ ബനീഷ് കുമാറും രജനിയും സമ്മതിച്ചിരുന്നു. സാരംഗിന്റെ കണ്ണുകൾ, കരൾ, ഹൃദയം, മജ്ജ തുടങ്ങിയവ 10 പേർക്കായി ദാനം ചെയ്യാൻ മാതാപിതാക്കൾ സമ്മതം നൽകിയതോടെ അതിനുള്ള നടപടികൾ പുരോഗമിക്കവെയാണ് ഇന്ന് എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിക്കുന്നത്. കോട്ടയം സ്വദേശിയായ കുട്ടിക്കുവേണ്ടി സാരംഗിന്റെ ഹൃദയം കഴിഞ്ഞ ദിവസം തന്നെ കൊണ്ടുപോയിരുന്നു.

പഠനത്തോടൊപ്പം കായികരംഗത്തും സാരംഗ് താല്പര്യം പ്രകടിപ്പിച്ചിരുന്നു.നടപടിക്രമങ്ങൾക്ക് ശേഷം സാരംഗിന്റെ മൃതദേഹം ഉച്ചയ്ക്ക് ശേഷം സ്കൂളിൽ പൊതുദർശനത്തിനു വച്ചു. വിദേശത്തുള്ള ബന്ധു വാങ്ങി നൽകിയ ഫുട്ബാൾ ജഴ്സി അണിയിച്ചാണ് സാരംഗിന്റെ ശരീരം സ്കൂളിലും വീട്ടിലും എത്തിച്ചത്.

Related Articles

Latest Articles