തിരുവനന്തപുരം: രാഷ്ട്രീയ കേരളത്തെ വരും ദിവസങ്ങളിൽ പിടിച്ചു കുലിക്കിയേക്കാവുന്ന ഗുരുതര ആരോപണവുമായി ഇടതുപക്ഷ സഹയാത്രികനും ദേശാഭിമാനി മുൻ പത്രാധിപസമിതി അംഗവുമായ ജി ശക്തിധരൻ. ഒരു സിപിഎം ഉന്നതൻ 2.5 കോടി രൂപ കൈക്കൂലി വാങ്ങി കൈതോലപ്പായിൽ പൊതിഞ്ഞു കൊണ്ടുപോയെന്ന ആരോപണം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഉന്നയിച്ചിരിക്കുന്നത്. ഈ തുകയെണ്ണാൻ താനും സഹായിച്ചതായി അദ്ദേഹം പറയുന്നുണ്ട്. ഒടുവിൽ പായിൽ പൊതിഞ്ഞ പണം ഒരു ഇന്നോവ കാറിൽ ഇന്നത്തെ മന്ത്രിസഭയിലെ ഒരംഗം സ്വന്തം കാറിൽ കയറ്റി തിരുവനന്തപുരത്തേക്ക് കൊണ്ടുപോയതായും പോസ്റ്റിൽ പറയുന്നു. ഇന്ന് തിരുവനന്തപുരം മുതൽ ടൈം സ്‌കൊയർ വരെ പ്രശസ്തനായ നേതാവാണ് കൈക്കൂലിക്കാരാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിട്ടുണ്ട്.
സംസ്ഥാന സർക്കാരിനെയും പാർട്ടിയെയും വിമർശിച്ചതിന്റെ പേരിൽ ഈയിടെയായി കടുത്ത സൈബർ ആക്രമണം നേരിട്ട വ്യക്തിയായിരുന്നു ശക്തിധരൻ. തനിക്കെതിരെ ആക്രമണം തുടർന്നാൽ ഇനിയും കാര്യങ്ങൾ പുറത്തുവിടുമെന്ന മുന്നറിയിപ്പും പോസ്റ്റിലുണ്ട്. അതേസമയം ജി ശക്തിധരന്റെ ആരോപണം കോൺഗ്രസ് ഏറ്റെടുത്തു. ജി ശക്തിധരന്റെ വെളിപ്പെടുത്തലിനെ കുറിച്ച് അന്വേഷിക്കണമെന്നും. കോടികൾ കൈക്കൂലി വാങ്ങി ഭരിക്കുന്ന നേതാവാരെന്ന് ജനങ്ങൾക്ക് അറിയാൻ അവകാശമുണ്ടെന്നും കോൺഗ്രസ് നേതാവ് ബെന്നി ബഹന്നാൻ ആവശ്യപ്പെട്ടു.

