Monday, May 6, 2024
spot_img

ലിഫ്റ്റ് ഓഫിന് അഞ്ചു സെക്കൻഡ് മുന്നേ കമ്പ്യൂട്ടർ സംവിധാനം വിക്ഷേപണം നിർത്തിവച്ചു; വിക്ഷേപണ വാഹനം സുരക്ഷിതമെന്ന് ഐ എസ് ആർ ഒ; ഗഗൻയാൻ പദ്ധതിയുടെ നിർണ്ണായക പരീക്ഷണ വിക്ഷേപണം നിർത്തിവച്ചു

ശ്രീഹരിക്കോട്ട: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഐ എസ് ആർ ഒ പദ്ധതിയായ ഗഗൻയാന്റെ നിർണ്ണായക പരീക്ഷണ വിക്ഷേപണം മാറ്റി. അടിയന്തിര ഘട്ടങ്ങളിൽ ബഹിരാകാശയാത്രികരുടെ സുരക്ഷയും രക്ഷപെടലും ഉറപ്പുവരുത്തുന്ന സംവിധാനമായ ക്രൂ എസ്‌കേപ്പ് സിസ്റ്റമാണ് ഇന്ന് പരീക്ഷിക്കാനിരുന്നത്. രാവിലെ 08 മണിക്ക് നിശ്ചയിച്ചിരുന്ന പരീക്ഷണ വിക്ഷേപണം പ്രതികൂല കാലാവസ്ഥ കാരണം 08 45 ലേയ്ക്ക് മാറ്റിയിരുന്നു. കൗണ്ട് ഡൗൺ ആരംഭിച്ച് ലിഫ്റ്റ് ഓഫിന് 05 സെക്കന്റ് അകലെ കംപ്യൂട്ടർ സംവിധാനം ഇടപെട്ട് മിഷൻ ഹോൾഡ് ചെയ്യുകയായിരുന്നു. എൻജിൻ ജ്വലനം നടന്നില്ലെന്നും വിക്ഷേപണ വാഹനം പൂർണ്ണമായും സുരക്ഷിതമാണെന്നും വാഹനത്തിന് അടുത്തെത്തി സാങ്കേതിക തകരാർ കണ്ടെത്തേണ്ടതുണ്ടെന്നും വിശദമായ വിശകലനത്തിന് ശേഷം പുതിയ വിക്ഷേപണ ഷെഡ്യൂൾ അറിയിക്കുമെന്നും ഐ എസ് ആർ ഒ ചെയർമാൻ അറിയിച്ചു.

8 മിനിറ്റ് ദൈർഘ്യമുള്ള പരീക്ഷണത്തിന് ശേഷം, ക്രൂ മൊഡ്യൂൾ പാരച്യൂട്ട് ഉപയോഗിച്ച് സുരക്ഷിതമായി താഴെ എത്തിക്കാനായിരുന്നു പദ്ധതി. 17 കിലോമീറ്റർ ഉയരത്തിൽ നിന്നാണ് മൊഡ്യൂൾ വേർപെട്ട് കടലിലേയ്ക്ക് സുരക്ഷിതമായി ഇറക്കുക. ശ്രീഹരിക്കോട്ടയിൽ പത്ത് കിലോമീറ്റർ അകലെ നങ്കൂരമിട്ടിട്ടുള്ള നേവിയുടെ കപ്പലിലാണ് ക്രൂ മൊഡ്യൂൾ ഇറക്കാൻ തീരുമാനിച്ചിരുന്നത്. ടെസ്റ്റ് മെഡ്യൂൾ അബോർട് മിഷൻ എന്നാണ് പരീക്ഷണ ദൗത്യത്തിന് നൽകിയിട്ടുള്ള പേര്. സിംഗിൾ സ്റ്റേജ് ലിക്വിഡ് റോക്കറ്റാണ് ദൗത്യത്തിന് ഉപയോഗിക്കുന്നത്. അപകട സാധ്യതയുള്ള ഇടങ്ങളിൽ ഇത്തരത്തിൽ തുടർ പരീക്ഷണങ്ങൾ നടത്തും. അതിനു ശേഷം, മനുഷ്യരില്ലാതെ ഒരു പര്യവേഷണം കൂടി നടത്തിയ ശേഷമാകും മനുഷ്യരെയും കൊണ്ട് ഗഗൻയാൻ ബഹിരാകാശത്തേക്ക് കുതിക്കുക. മൂന്നുപേരെ ബഹിരാകാശത്ത് എത്തിച്ച് മൂന്നുദിവസം അവിടെ താമസിപ്പിച്ച് സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തിക്കുക എന്നതാണ് ഗഗൻയാൻറെ ദൗത്യം.

Related Articles

Latest Articles