Monday, May 13, 2024
spot_img

“ഓംകാരത്തിന്റെ പ്രതീകമാണ് ഗണപതി; മറ്റ് മതങ്ങളെപ്പോലെ ഒരു വ്യക്തി സ്ഥാപിച്ച മതമല്ല ഹിന്ദുമതം; സംസ്‌കാരസമ്പന്നരായ ഒരു ജനതയുടെ ജീവിതരീതി ഒരു മതമായി മാറിയതാണ്” സമൂഹ മാദ്ധ്യമത്തിൽ കുറിപ്പ് പങ്കുവച്ച് ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി

ഗണപതി ഭഗവാനെ അധിക്ഷേപിച്ച് വിവാദ പരാമർശം നടത്തിയ സ്പീക്കർ ഷംസീറിനെതിരെ പ്രതിഷേധം രൂക്ഷമാകുന്നതിനിടയിൽ സമൂഹ മാദ്ധ്യമത്തിലൂടെ വിഷയത്തിൽ പ്രതികരിച്ച് പ്രശസ്ത ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് അദ്ദേഹം തന്റെ പ്രതികരണമറിയിച്ചത്. ശാസ്ത്രവും മിത്തുകളും കൂടിക്കലർന്നിട്ടുള്ളത് ഹിന്ദുമതത്തിൽ മാത്രമല്ലെന്നും എല്ലാ മതങ്ങളിലും അത് സംഭവിച്ചിട്ടുണ്ടെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം ഇസ്ലാം മതത്തെപോലെയോ ക്രിസ്തുമതത്തെപോലെയോ ഒരു വ്യക്തി സ്ഥാപിച്ച മതമല്ല ഹിന്ദുമതമെന്നും മറിച്ച് സിന്ധുനദീതീരത്തു താമസിച്ചിരുന്ന സംസ്‌കാരസമ്പന്നരായ ഒരു ജനതയുടെ ജീവിതരീതി ഒരു മതമായി മാറിയതാണെന്ന് വ്യക്തമാക്കി. പോസ്റ്റിന് പ്രതികരിച്ച് റസൂൽ പൂക്കുട്ടിയും രംഗത്ത് വന്നു. ഇത് കാണുന്നതിൽ സന്തോഷമുണ്ട്, ഗുരുവന്ദനം എന്നാണ് പോസ്റ്റിന് താഴെ അദ്ദേഹം കമന്റായി രേഖപ്പടുത്തിയത്.

ശ്രീകുമാരൻ തമ്പി ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ് വായിക്കാം

എന്റെ സുഹൃത്ത് റസൂൽ പൂക്കുട്ടി മികച്ച ശബ്ദലേഖകനുള്ള ഓസ്‌കാർ അവാർഡ് വാങ്ങുന്നതിനു മുമ്പു പറഞ്ഞ ഒരു വാചകമുണ്ട്.
‘ ഞാൻ ഓംകാരത്തിന്റെ നാട്ടിൽ നിന്നാണ് വരുന്നത്.’
പ്രപഞ്ചം ഉണ്ടായത് നാദത്തിൽ നിന്നാണെന്നു ഭാരതീയസംസ്‌കാരം പറയുന്നു. ഭൗതികശാസ്ത്രം പറയുന്നത് ‘ഒരു മഹാവിസ്‌ഫോടനത്തിൽ നിന്ന് പ്രപഞ്ചമുണ്ടായി ‘ എന്നാണ്. ( BIG BANG THEORY ). ഓംകാരത്തിന്റെ ( ആദ്യമുണ്ടായ നാദ ബിന്ദുവിന്റെ) പ്രതീകമാണ് ഗണപതി. അതുകൊണ്ടാണ് ഏതു ക്ഷേത്രത്തിൽ പോയാലും ആദ്യം നാം ഗണപതിയെ വന്ദിക്കണം എന്നു പറയുന്നത്. ശാസ്ത്രവും മിത്തുകളും കൂടിക്കലർന്നിട്ടുള്ളത് ഹിന്ദുമതത്തിൽ മാത്രമല്ല. എല്ലാ മതങ്ങളിലും അത് സംഭവിച്ചിട്ടുണ്ട്. ഇസ്ലാം മതത്തെപോലെയോ ക്രിസ്തുമതത്തെപോലെയോ ഒരു വ്യക്തി സ്ഥാപിച്ച മതമല്ല ഹിന്ദുമതം. സിന്ധുനദീതീരത്തു താമസിച്ചിരുന്ന സംസ്‌കാരസമ്പന്നരായ ഒരു ജനതയുടെ ജീവിതരീതി ഒരു മതമായി മാറിയതാണ്. ഭഗവദ്ഗീത മാത്രമല്ല ബൈബിളും ഖുർആനും മനസ്സിരുത്തി പഠിച്ചിട്ടുള്ളവനാണ് ഞാൻ. അതുകൊണ്ടാണ് ‘കാൽവരിയിൽ പൂത്തുലഞ്ഞ രക്തപുഷ്പമേ …’ എന്നും ‘ പച്ചയാം മരത്തിൽ പോലും തീ നിറയ്‌ക്കും അല്ലാഹു ‘ എന്നും എഴുതാൻ എനിക്ക് കഴിയുന്നത്.

Related Articles

Latest Articles