Friday, October 16, 2026

‘ഗാസ ഹമാസ് ഭരിക്കും, മറ്റൊരു സർക്കാർ എന്ന നീക്കം നടപ്പാക്കാൻ അനുവദിക്കില്ല’; ഭൂമിയിലുള്ള ഒന്നിനും ഹമാസിനെ ഇല്ലാതാക്കുവാനോ ഒറ്റപ്പെടുത്താനോ കഴിയില്ലെന്ന് ഹമാസ് നേതാവ്

ടെൽ അവീവ്: ഗാസ തങ്ങൾ തന്നെ ഭരിക്കുമെന്നും മറ്റൊരു സർക്കാർ എന്ന നീക്കം നടപ്പാക്കാൻ ഹമാസ് അനുവദിക്കില്ലെന്നും ലെബനനിൽ നിന്നുള്ള ഹമാസ് നേതാവ് ഒസാമ ഹംദാൻ. പ്രദേശത്ത് തങ്ങളുടെ അംഗങ്ങളുടെ സാന്നിദ്ധ്യം വർദ്ധിപ്പിക്കുമെന്നും ഇന്ന് ഈ ഭൂമിയിലുള്ള ഒന്നിനും ഹമാസിനെ ഇല്ലാതാക്കുവാനോ ഒറ്റപ്പെടുത്താനോ കഴിയില്ലെന്നും ഹംദാൻ പറയുന്നു.

ഗാസ തങ്ങളുടെ ഭരണത്തിൻ കീഴിൽ നിന്ന് മാറ്റാൻ അമേരിക്ക പദ്ധതി ഇട്ടിരുന്നുവെന്നാണ് ഹംദാന്റെ വാദം. ”ഇസ്രായേലിന്റെ ഇഷ്ടങ്ങൾക്ക് അനുസരിച്ചുള്ള ഒരു ഭരണകൂടം ഗാസയിൽ ഉണ്ടാക്കാനും അത് അവിടുത്തെ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാനുമുള്ള അമേരിക്കയുടെ ശ്രമങ്ങൾ ഹമാസ് ഒരിക്കലും അനുവദിക്കില്ല. അത്തരത്തിലൊരു സർക്കാർ നിലവിൽ വന്നാൽ അത് ഹമാസ് അംഗീകരിച്ച് തരില്ലെന്നും” ഹംദാൻ പറയുന്നു.

പലസ്തീന്റെ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസിന്റെ നേതൃത്വത്തിലുള്ള പലസ്തീൻ അതോറിറ്റി ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെയാണ് ഹമാസ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഗാസ പലസ്തീന്റെ അവിഭാജ്യ ഘടകമാണെന്ന് മഹ്‌മൂദ് അബ്ബാസും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 2007ൽ പലസ്തീൻ അതോറിറ്റിയെ പ്രദേശത്ത് നിന്ന് തുരത്തിയാണ് ഹമാസ് ഗാസയുടെ അധികാരം പിടിച്ചെടുക്കുന്നത്.

Related Articles

Latest Articles