Sunday, May 5, 2024
spot_img

രണ്ടാം ഘട്ട കൊവിഡ് ഡ്രൈ റണ്‍ ജനുവരി 8ന്; ഇത്തവണ എല്ലാ ജില്ലകളിലും; ഉന്നത തല യോഗം നാളെ

ദില്ലി: കൊവിഡ് വാക്‌സിൻ വിതരണത്തിന് മുന്നോടിയായി രാജ്യത്ത് വീണ്ടും ഡ്രൈ റൺ നടത്തും. വെള്ളിയാഴ്ചയാണ് രണ്ടാം ഡ്രൈ റൺ നടത്തുക.
ഇത്തവണ രാജ്യത്തെ എല്ലാ ജില്ലാകേന്ദ്രങ്ങളിലും ഡ്രൈറൺ ഉണ്ടാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതിന്റെ ഭാഗമായി കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർദ്ധന്റെ നേതൃത്വത്തിൽ ഉന്നത തല യോഗം നാളെ ദില്ലിയിൽ ചേരും.

ജനുവരി 2-ന് നേരത്തേ വിവിധ കേന്ദ്രങ്ങളിലായി ഡ്രൈറൺ നടത്തിയിരിന്നു. ഇത് വിജയകരമായിരുന്നെന്നും, ഇതിലെ ഫലങ്ങൾ കൂടി വിലയിരുത്തിയാകും എങ്ങനെ വാക്സീൻ വിതരണം നടത്തണമെന്ന നടപടിക്രമങ്ങൾ അന്തിമമായി തീരുമാനിക്കുകയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു. അതേസമയം ഉത്തര്‍പ്രേദശിനെയും ഹരിയാനെയും ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇന്ന് ഉത്തര്‍പ്രദേശില്‍ മോക്ക് ഡ്രില്‍ നടന്നതുകൊണ്ടും ഹരിയാനയില്‍ മോക്ക് ഡ്രില്‍ ഏഴാം തിയ്യതി നടക്കുമെന്നതുകൊണ്ടുമാണ് ഈ സംസ്ഥാനങ്ങളെ എട്ടാം തിയ്യതിയിലെ ഡ്രൈ റണ്ണില്‍ നിന്ന് ഒഴിവാക്കിയത്.

അടുത്ത ആഴ്ച തന്നെ വാക്സീനേഷൻ തുടങ്ങാനാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം. ഇതിനു മുന്നോടിയായാണ് വീണ്ടും ഡ്രൈ റൺ നടത്തുന്നത്. കുത്തിവയ്പ് എന്നു തുടങ്ങണമെന്നു തീരുമാനിച്ചിട്ടില്ലെന്നും ഡ്രൈ റണ്ണിൽ ലഭിച്ച പാഠങ്ങൾ കൂടി പരിഗണിക്കുമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ വ്യക്തമാക്കി.

Related Articles

Latest Articles