Sunday, May 19, 2024
spot_img

ഹിന്ദുഫോബിയക്കെതിരെ പ്രമേയം പാസ്സാക്കുന്ന ആദ്യ അമേരിക്കൻ സംസ്ഥാനമായി ജോർജിയ..അമേരിക്കയിൽ നടക്കുന്ന ഹിന്ദുവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ രൂക്ഷ ഭാഷയിൽ വിമർശനം.

ജോർജിയ അസംബ്ലി ഹിന്ദുഫോബിയയെ അപലപിക്കുന്ന പ്രമേയം പാസാക്കി, ഇതോടെ ഹിന്ദുഫോബിയക്കെതിരെ പ്രമേയം പാസ്സാക്കുന്ന ആദ്യ അമേരിക്കൻ സംസ്ഥാനമായി ജോർജിയ. ഹിന്ദുഫോബിയയെയും ഹിന്ദുവിരുദ്ധത ഉൾക്കൊള്ളുന്ന മതഭ്രാന്തിനെയും ജോർജിയ അസംബ്ലി ശക്തമായി അപലപിച്ചു.100 ലധികം രാജ്യങ്ങളിലായി 1.2 ബില്യണിലധികം വിശ്വാസികൾ പിന്തുടരുന്ന ലോകത്തിലെ ഏറ്റവും പുരാതനവും ബൃഹത്തായ മതങ്ങളിലൊന്നാണ് ഹിന്ദുമതമെന്നും മൂല്യങ്ങൾ സ്വീകരിക്കുന്നതിലും , പരസ്പര ബഹുമാനത്തിലും വൈവിധ്യമാർന്ന പാരമ്പര്യങ്ങളിലും വിശ്വാസ സമ്പ്രദായങ്ങളിലും ഹിന്ദു മതം മുന്നിട്ട് നിൽക്കുന്നുവെന്നും പ്രമേയം പറയുന്നു.

ജോർജിയയിലെ ഏറ്റവും വലിയ ഹിന്ദു വിശ്വാസികളുള്ള ഇന്ത്യൻ-അമേരിക്കൻ പ്രവാസി സമൂഹങ്ങളിലൊന്നായ അറ്റ്ലാന്റയുടെ സമീപപ്രദേശമായ ഫോർസിത്ത് കൗണ്ടിയിൽ നിന്നുള്ള പ്രതിനിധികളായ ലോറൻ മക്ഡൊണാൾഡും ടോഡ് ജോൺസും ചേർന്നാണ് പ്രമേയം അവതരിപ്പിച്ചത്.

മെഡിസിൻ, ശാസ്ത്രം, എഞ്ചിനീയറിംഗ്, ഇൻഫർമേഷൻ ടെക്നോളജി, ഹോസ്പിറ്റാലിറ്റി, ഫിനാൻസ്, അക്കാദമിക്, മാനുഫാക്ചറിംഗ്, ഊർജം, റീട്ടെയിൽ വ്യാപാരം തുടങ്ങി വിവിധ മേഖലകളിൽ അമേരിക്കൻ-ഹിന്ദു സമൂഹം വലിയ സംഭാവന നൽകിയിട്ടുണ്ടെന്ന് പ്രമേയം നിരീക്ഷിച്ചു.

യോഗ, ആയുർവേദം, ധ്യാനം, ഭക്ഷണം, സംഗീതം, കലകൾ എന്നിവയിൽ ഹിന്ദു സമൂഹം നൽകിയ സംഭാവനകൾ അമേരിക്കൻ സാംസ്കാരിക ഘടനയെ സമ്പന്നമാക്കുകയും സമൂഹത്തിൽ വ്യാപകമായി സ്വീകരിക്കപ്പെടുകയും അത് വഴി ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതം മെച്ചപ്പെടുത്തുകയും ചെയ്തു.

എന്നാൽ കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഹിന്ദു-അമേരിക്കക്കാർക്കെതിരായ വിദ്വേഷ കുറ്റകൃത്യങ്ങൾ രാജ്യത്തിന്റെ പല ഭാഗങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കിയ പ്രമേയം, അക്കാദമിക രംഗത്തെ ചിലർ ഹിന്ദുമതത്തെ തകർക്കുന്നതിനായി വിശുദ്ധ ഗ്രന്ഥങ്ങളെ കുറ്റപ്പെടുത്തുകയും ഹിന്ദുഫോബിയ പ്രചരിപ്പിക്കുകയും ചെയ്യുന്നുവെന്ന് സൂചിപ്പിക്കുകയും ഇതിനെ അതി രൂക്ഷമായി വിമർശിക്കുകയും ചെയ്തു.

മാർച്ച് 22 ന് ജോർജിയ സ്‌റ്റേറ്റ് ക്യാപിറ്റോളിൽ ആദ്യത്തെ ഹിന്ദു അഡ്വക്കസി ഡേ സംഘടിപ്പിച്ച കോളിഷൻ ഓഫ് ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ (CoHNA) അറ്റ്‌ലാന്റ ഘടകത്തിന്റെ ഇടപെടലുകളാണ് ഇന്ന് ജോർജിയൻ അസംബ്ലിയിൽ ചരിത്രപരമായ പ്രമേയം പാസ്സാക്കുന്നതിൽ എത്തിച്ചത്.

Related Articles

Latest Articles