Monday, May 6, 2024
spot_img

മഴ കളിച്ചു; കൊൽക്കത്ത കരഞ്ഞു!കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ പഞ്ചാബ് കിംഗ്സിനു 7 റൺസ് വിജയം

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ പഞ്ചാബ് കിംഗ്സിനു ജയം. ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം 7 റൺസിനായിരുന്നു പഞ്ചാബിൻ്റെ ജയം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 192 റൺസിൻ്റെ കൂറ്റൻ സ്‌കോർ ഉയർത്തിയപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ കൊൽക്കത്ത 16 ഓവറിൽ 7 വിക്കട് നഷ്ടത്തിൽ 146 റൺസിൽ എത്തി നിൽക്കവേ മഴയെത്തുകയായിരുന്നു. പഞ്ചാബിനായി അർഷ്ദീപ് സിംഗ് മൂന്ന് വിക്കറ്റ് വീഴ്ത്തി കൊൽക്കത്തയുടെ കുതിപ്പിന് തടയിട്ടു.

ബാറ്റിങ്ങിലെ മികച്ച പ്രകടനം ബൗളിങ്ങിലും പഞ്ചാബ് പുറത്തെടുത്തപ്പോൾ കൊൽക്കത്തയ്ക്ക് വിജയം അപ്രാപ്യമായി. രണ്ടാം ഓവറിൽ തന്നെ മൻദീപ് സിംഗ് (2), അനുകുൾ റോയ് (4) എന്നിവർ അർഷ്ദീപ് സിംഗിന് മുന്നിൽ വീണപ്പോൾ മികച്ച ഷോട്ടുകളോടെ നിലയുറപ്പിച്ചു വന്നിരുന്ന റഹ്‌മാനുള്ള ഗുർബാസ് (22) നഥാൻ എല്ലിസിനു മുന്നിൽ വീണു.

ഐപിഎല്ലിലെ പുതിയ പരിഷ്കരണം മൂലം ഇംപാക്ട് പ്ലയറായി കളത്തിലെത്തിയ വെങ്കടേഷ് അയ്യരും ക്യാപ്റ്റൻ നിതീഷ് റാണയും ചേർന്ന നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് കൊൽക്കത്തയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. 46 റൺസ് നീണ്ട കൂട്ടുകെട്ടിനൊടുവിൽ 17 പന്തിൽ 24 റൺസെടുത്ത റാണ സിക്കന്ദർ റാസയ്ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. തുടർന്നിറങ്ങിയ റിങ്കു സിംഗ് (4) രാഹുൽ ചഹാറിനു മുന്നിൽ വീണതോടെ കൊൽക്കത്ത വീണ്ടും പരുങ്ങലിലായി. തുടർന്ന് ആറാം വിക്കറ്റിൽ ഒന്നിച്ച റസലും അയ്യരും ചേർന്ന് 50 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. 19 പന്തിൽ 35 റൺസ് വീഴ്ത്തിയ റസലിനെ സാം കറനും 28 പന്തിൽ 34 റൺസെടുത്ത അയ്യറിനെ അർഷ്ദീപും മടക്കി. പിന്നീട് ശാർദുൽ താക്കൂർ (3 പന്തിൽ 8), സുനിൽ നരേൻ (2 പന്തിൽ 7) എന്നിവർ വിജയത്തിനായി ശ്രമിച്ചെങ്കിലും അപ്പോഴേക്കും മഴ പെയ്യുകയായിരുന്നു.

Related Articles

Latest Articles