ലിങ്കണ്‍ എന്ന പേര് അമേരിക്കയിലെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ വീണ്ടും ഇടം പിടിച്ചിരിക്കുകയാണ്. പക്ഷെ കക്ഷി ഒരു ആടാണെന്ന് മാത്രം. ഫെയര്‍ ഹാവനിലെ വെര്‍മന്റ് ടൗണിലെ മേയറായാണ് ലിങ്കണ്‍ വിജയിച്ചത്. വളര്‍ത്തു മൃഗങ്ങള്‍ക്കായി നടത്തിയ തിരഞ്ഞെടുപ്പിലാണ് ലിങ്കണ്‍ വിജയം കരസ്ഥമാക്കിയത്.

മിടുക്കരായ പൂച്ചകളേയും നായകളേയും ക്രിസ്റ്റല്‍ എന്ന പേരുള്ള എലിയേയും പരാജയപ്പെടുത്തിയാണ് ലിങ്കണ്‍ മേയറായത്. ലിങ്കണ്‍ ചൊവ്വാഴ്ച സ്ഥാനമേല്‍ക്കുമെന്നാണ് വാര്‍ത്ത. പതിനാറ് പേരാണ് മത്സരരംഗത്തുണ്ടായിരുന്നത്. പത്ത് വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തിയ സമ്മിയെന്ന നായയെ മൂന്ന് വോട്ടുകള്‍ക്കാണ് ലിങ്കണ്‍ തോല്‍പിച്ചത്. ബാക്കിയുള്ള സ്ഥാനാര്‍ഥികള്‍ മൊത്തത്തില്‍ നേടിയത് 30 വോട്ടുകളാണ്.

മേയര്‍ സ്ഥാനത്തിരിക്കുന്ന കാലയളവില്‍ ലിങ്കണ്‍ പ്രാദേശിക പൊതുപരിപാടികളില്‍ പങ്കെടുക്കും. ഫെയര്‍ ഹാവന് നിലവില്‍ മേയറില്ല. ഈ ചെറിയ പട്ടണത്തിന് ഒരു മാനേജറാണുള്ളത്. ജോസഫ് ഗുണ്ടൂരാണ് ഇപ്പോള്‍ ഇവിടത്തെ മേയര്‍. ഇത്തരത്തില്‍ രസകരമായ മത്സരങ്ങളും പൊതുപരിപാടികളും ജോസഫ് ഗുണ്ടൂര്‍ സംഘടിപ്പിക്കാറുണ്ട്.