Thursday, May 16, 2024
spot_img

ധർമ്മം നിലനിർത്താൻ ഒരു പദയാത്ര! ഗോകർണം മുതൽ കന്യാകുമാരി വരെ സനാതന ധർമ്മത്തിനായി ഏകനായി നടന്ന് ഒരു ഭാഗവതാചാര്യൻ

തിരുവനന്തപുരം: വിവിധ വിഷയങ്ങളിൽ പ്രതിഷേധിച്ചു കൊണ്ടും, ബോധവൽക്കരണാർത്ഥവും, പൊതുജനാഭിപ്രായം സ്വരൂപിക്കുന്നതിനുമൊക്കെ പദയാത്രകളും ലോങ് മാർച്ചുകളുമൊക്കെ നമ്മൾ ധാരാളം കണ്ടിട്ടുണ്ട്. എന്നാൽ സ്വാർത്ഥതാ രഹിതമായ ഉദ്ദേശ്യത്തോടെ ഒറ്റക്ക് നടത്തുന്ന പദയാത്രകൾ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. ഇത്തരത്തിൽ ഒരു പദയാത്ര കൊണ്ട് ശ്രദ്ധേയനാകുകയാണ് തിരുനക്കര മധുസൂദന വാര്യർ. സനാതന ധർമ്മത്തിന്റെ പ്രചരണാർത്ഥം ധാർമിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് സമൂഹത്തെ ബോധവൽക്കരിക്കാനാണ് ഭാഗവതാചാര്യൻ കൂടിയായ മധുസൂദന വാര്യർ ഗോകർണം മുതൽ കന്യാകുമാരി വരെ ഏകനായി പദയാത്ര നടത്തുന്നത്. ധർമ്മത്തിന്റെ ഇന്നത്തെ അവസ്ഥയെന്ത് എന്ന അന്വേഷണമാണ് താൻ ഈ യാത്രയിലൂടെ നടത്തുന്നതെന്ന് അദ്ദേഹം പറയുന്നു.

എല്ലാവരും അവനവന്റെ ഉള്ളിലേക്ക് നോക്കി മനസ്സിലാക്കുക. സനാതന ധർമ്മം നിലനിർത്താൻ എന്തെല്ലാം ആവശ്യമാണ് എന്ന ചിന്തയാണ് ഈ യാത്രയുടെ പ്രചോദനമെന്നും അദ്ദേഹം പറയുന്നു. യാത്രാമദ്ധ്യേ വിവിധ ക്ഷേത്രങ്ങളിൽ മധുസൂദന വാര്യർക്ക് സ്വീകരണം ലഭിക്കുന്നുണ്ട്. ഈ സ്വീകരണങ്ങളിലെല്ലാം അദ്ദേഹം നടത്തുന്ന പ്രഭാഷണങ്ങളിൽ ഹിന്ദു സമൂഹം നിലനിർത്തി പോകേണ്ട നാല് കാര്യങ്ങളെ അദ്ദേഹം എടുത്തു പറയുന്നുണ്ട്. ക്ഷേത്ര ദർശനം, തീർത്ഥാടനം, ആശ്രമ സന്ദർശനം, സ്വാധ്യായം തുടങ്ങിയവയാണ് ആ നാല് കാര്യങ്ങൾ. പുരാതന കാലത്ത് ക്ഷേത്രങ്ങൾ ജപത്തിനും ധ്യാനത്തിനും വേണ്ടിയായിരുന്നു. എന്നാലിന്ന് തൊഴാനും, കാര്യസാധ്യത്തിനുമായി മാറി. ക്ഷേത്രങ്ങൾ ജപധ്യാനങ്ങൾക്കായി മാറ്റപ്പെടണമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഏകനായി ശാന്തനായി, പരസ്യങ്ങളില്ലാതെ, ധർമ്മത്തെ നിലനിർത്താൻ, ധർമ്മ ദർശനത്തിനായി പദയാത്ര നടത്തുന്ന മധുസൂദന വാര്യരുടെ യാത്ര ഈ മാസം 27 നാണ് കന്യാകുമാരി ജില്ലയിലെത്തുക.

Related Articles

Latest Articles