തൃശൂർ: ആളൂരില്‍ വീട് കുത്തിതുറന്ന് 35 പവനും കാൽ ലക്ഷം രൂപയും മോഷ്ടിച്ചു. കവർച്ച നടന്ന വീട്ടിൽ പരിശോധനക്ക് എത്തിയ പൊലീസ് നായ മണം പിടിച്ച് എത്തിയ ഫാം ഹൗസിൽ നിന്ന് വാഷും ചാരായവും പിടികൂടി. ഫാം ഹൗസിൽ ജോലിക്ക് ഉണ്ടായിരുന്ന കോഴിക്കോട് സ്വദേശി ബിജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ചോദ്യം ചെയ്യലിനിടെ ഇയാൾ ചാടി പോയി.
തൃശൂർ ആളൂര്‍ ചങ്ങല ഗേറ്റ് സമീപം വടക്കേപീടിക വീട്ടില്‍ ജോര്‍ജ്ജിന്റെ വീട്ടിലാണ് പുലർച്ചെ മോഷണമുണ്ടായത്. രാവിലെ ഉറക്കമുണര്‍ന്ന വീട്ടുകാർ വാതില്‍ തുറന്ന് കിടക്കുന്നത് കണ്ട് സംശയം തോന്നിയപ്പോഴാണ് അലമാലയിലുള്ള സ്വര്‍ണ്ണം പരിശോധിച്ചത്. ജോയും ഭാര്യയും മക്കളും കിടന്നിരുന്ന റൂമിലെ അലമാരയില്‍ നിന്നാണ് ഏകദേശം 35 പവനോളം സ്വര്‍ണ്ണവും മേശയ്ക്ക് മുകളില്‍ ഇരുന്നിരുന്ന പേഴ്‌സില്‍ നിന്ന് 22,000 രൂപയും നഷ്ടപ്പെട്ടത്.
വീടിന്റെ മുന്‍വശത്തുള്ള വാതിലിനോട് ചേര്‍ന്നുള്ള ജനലകളിലൊന്ന് കുത്തിതുറന്ന നിലയിലാണ്. ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ തോമസിന്റെ നേതൃത്വത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വീട്ടിൽ പരിശോധനക്ക് എത്തിയ പൊലീസ് നായ ഹണി മണം പിടിച്ച് അടുത്തുള്ള ഫാം ഹൗസിലേക്കെത്തി. ഇവിടെ നിന്ന് വാറ്റുചാരായവും കണ്ടെത്തി. ഇവിടെ ഉണ്ടായിരുന്ന കോഴിക്കോട് സ്വദേശി ബിജുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വിവരങ്ങൾ ചോദിച്ചറിയുന്നതിനിടെ ഇയാൾ ഓടി രക്ഷപ്പെട്ടു. പ്രതിക്കായി പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

