ദില്ലി: നെടുമ്പാശ്ശേരി സ്വർണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകൻ പി.എ. ഫൈസലിന്റെ കോഫെ പോസെ നിയമപ്രകാരമുള്ള കരുതൽ തടങ്കൽ റദ്ദാക്കിയതിനെതിരെ കേന്ദ്രം. കേന്ദ്ര റവന്യു ഡിപ്പാർട്മെന്റും ഡിആർഐയും സുപ്രീം കോടതിയിൽ ഹർജി നൽകി.
നിരന്തരം സ്വർണക്കടത്തിൽ ഏർപ്പെടുന്നവരുടെ കരുതൽ തടങ്കൽ റദ്ദാക്കുന്നത് തെറ്റായ നടപടിയാണെന്ന് കേന്ദ്രം പറയുന്നു.
നെടുമ്പാശേരി വിമാനത്താവളം വഴി നടത്തിയ സ്വർണ്ണ കള്ളക്കടത്തിന്റെ സൂത്രധാരൻ എന്ന് ഡി ആർ ഐ ആരോപിക്കുന്ന പി എ ഫൈസലിന്റെ കരുതൽ തടങ്കൽ ഫെബ്രുവരിയിൽ ആണ് ഹൈക്കോടതി റദ്ദാക്കിയത്.
കള്ളക്കടത്ത് സ്വർണ്ണം പിടികൂടിയതിന്റെ സി സി ടി വി ദൃശ്യങ്ങൾ, ഫോൺകാൾ രേഖകൾ ഉൾപ്പടെ ഉള്ളവ അന്വേഷണ ഉദ്യോഗസ്ഥർ പ്രതികൾക്ക് കൈമാറിയില്ല എന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു ജസ്റ്റിസുമാരായ കെ വിനോദ് ചന്ദ്രൻ, വി ജി അരുൺ എന്നിവർ അടങ്ങിയ ഹൈക്കോടതി ബെഞ്ചിന്റെ ഉത്തരവ്.
ഈ ഉത്തരവ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ആണ് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിൽ ഉള്ള റവന്യു ഡിപ്പാർട്ട്മെന്റ്ന്റെ ഡയറക്ടർ ജനറൽ, ഡി ആർ ഐയുടെ അഡീഷണൽ ഡയറക്ടർ ജനറൽ എന്നിവർ സുപ്രീം കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. തികച്ചും സാങ്കേതികത്വം ചൂണ്ടിക്കാട്ടി ആയിരുന്നു ഹൈക്കോടതി നടപടി എന്ന് കേന്ദ്ര സർക്കാർ ആരോപിക്കുന്നു.

