Saturday, September 19, 2026

സിനിമയും രാഷ്ട്രീയവും ജീവിതവും വിജയമാക്കിയ തമിഴരുടെ സ്വന്തം ക്യാപ്റ്റൻ വിജയകാന്തിന് വിട, അരനൂറ്റാണ്ട് കൊണ്ട് 152 ഓളം സിനിമകൾ, ഏറെയും ദേശസ്നേഹം ഉയർത്തിപ്പിടിച്ചവ

തിരുവനന്തപുരം- തമിഴ് ചലച്ചിത്ര വ്യവസായത്തെയും നടിഗർ സംഘത്തെയും ദേശീയ തലത്തിലേക്ക് ഉയർത്തുന്നതിൽ നിർണായക പങ്ക് വഹിച്ച നടനാണ് തമിഴരുടെ സ്വന്തം ക്യാപ്റ്റൻ എന്നറിയപ്പെടുന്ന നടൻ വിജയകാന്ത്. നാരായണൻ വിജയരാജ് അളഗർസ്വം എന്നാണ് യഥാർത്ഥ പേര്. തമിഴ് സിനിമയിൽ 40 സുവർണ്ണ വർഷങ്ങൾ പൂർത്തിയാക്കിയാണ് താരം കാലയവനിയിലേക്ക് മറഞ്ഞത്. തമിഴകത്തിലെ സൂപ്പർ താരവും ഡി.എം.ഡി.കെ സ്ഥാപകനുമാണ് വിജയകാന്ത്.

കോളിവുഡ് സിനിമാലോകത്ത് മിനി ജെയിംസ് ബോണ്ട് എന്ന് വാഴ്ത്തപ്പെട്ട വിജയകാന്ത് ആക്ഷൻ സാഹസിക ചിത്രങ്ങൾ തിരഞ്ഞെടുത്ത് ചെയ്യാൻ തുടങ്ങിയതോടെയാണ് ക്യാപ്റ്റൻ എന്ന പേരിൽ അറിയപ്പെട്ട് തുടങ്ങിയത്. അഭിനയത്തിന് പുറമെ നിർമ്മാതാവായും സംവിധായകനായും അദ്ദേഹം തൻ്റെ വിജയം രേഖപ്പെടുത്തി. സിനിമാപശ്ചാത്തലം ഒന്നുമില്ലാതെ ചലചിത്ര രംഗത്തേക്ക് ചുവടുവെച്ച താരം സിനിമയിൽ മാത്രമല്ല യഥാർത്ഥ ജീവിതത്തിലും ഹീറോയായിട്ടാണ് ജീവിച്ചത്.

1979ൽ എം.എ കാജയുടെ ‘ഇനിക്കും ഇളമൈ’ എന്ന ചിത്രത്തിലൂടെയാണ് വിജയകാന്തിൻ്റെ അരങ്ങേറ്റം. പ്രതിനായക വേഷത്തിലായിരുന്നു തുടക്കം. ആദ്യ സിനിമകളിൽ പരാജയങ്ങൾ രുചിച്ചെങ്കിലും കഥാപാത്രങ്ങളുടെ വ്യത്യസ്തതത അദ്ദേഹത്തെ വേറിട്ട് നിർത്തി. ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യൻ പനോരമയുടെ ഭാഗമായ ‘ദൂരത്തു ഇടി മുഴക്കം’ (1980) അദ്ദേഹത്തെ മുൻനിരയിലെത്തിച്ചു. എസ്‌.എ. ചന്ദ്രശേഖറിൻ്റെ ‘സത്തം ഒരു ഇരുട്ടറൈ’യിലൂടെ തമിഴ് സിനിമയിൽ ശക്തമായ സാന്നിധ്യമായി വിജയകാന്ത് മാറി.

ആക്ഷനും പ്രണയവുമാണ് വെള്ളിവെളിച്ചത്തിൽ ക്യാപ്റ്റൻ്റെ മുഖമുദ്ര, അതിൽ വൈകാരിക രംഗങ്ങളും അനായാസേന കൈകാര്യം ചെയ്ത അദ്ദേഹം നാല് പതിറ്റാണ്ട് കൊണ്ട് 152 സിനിമകളിൽ അഭിനയിച്ചു. വിജയകാന്ത് നായകനായ നിരവധി ചിത്രങ്ങളാണ് മറ്റ് ഇന്ത്യൻ ഭാഷകളിലേയ്ക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുള്ളത്. രജനികാന്തും കമൽഹാസനും ആധിപത്യം പുലർത്തിയ കാലഘട്ടത്തിൽ തന്നെ തമിഴ് വ്യവസായത്തിൽ സ്വന്തമായൊരു ഇടവും ആരാധക വൃന്ദത്തെയും നേടാൻ അദ്ദേഹത്തിനായി. 1980കളിലും 1990കളിലും തമിഴ് സിനിമയെ അടക്കിവാണത് മൂവർ സംഘമാണ്.തന്റെ സമകാലികരായ ഇതര നായകൻമാരെ അപേക്ഷിച്ച് തമിഴ് സിനിമയിലല്ലാതെ മറ്റൊരു ഭാഷകളിലും വിജയകാന്ത് അഭിനയിച്ചിട്ടില്ല.

വിജയകാന്തിൻ്റെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ വർഷമായിരുന്നു 1984. 18 റിലീസുകളാണ് ആ വർഷം താരത്തിനുണ്ടായിരുന്നത്. ടൈഗർ പ്രഭാകറിനൊപ്പം തമിഴ് സിനിമയിലെ ആദ്യത്തെ 3D ചിത്രമായ ‘അന്നൈ ഭൂമി’യിൽ വിജയകാന്ത് നായകനായി. നിരവധി ഫിലിംഫെയർ അവാർഡുകളും വ്യത്യസ്തമായ കഥാപാത്രങ്ങളും പ്രേക്ഷക പ്രീതിയും അദ്ദേഹത്തിൻ്റെ കരിയറിനെ സമ്പന്നമാക്കി. കലൈമാമണി പുരസ്കാരം നൽകി തമിഴ്‌നാട് സർക്കാർ ആദരിച്ചിട്ടുണ്ട്.

1990-കളിൽ ദേശസ്‌നേഹം പ്രമേയമായുള്ള നിരവധി സിനിമകളിൽ വിജയകാന്ത് അഭിനയിച്ചു. ആ ചിത്രങ്ങളത്രയും സാമ്പത്തിക വിജയങ്ങളുമായി. രാഷ്ട്രീയത്തിലേയ്ക്കുള്ള ചുവടുമാറ്റത്തിൻ്റെ തുടക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. കരിയറിൽ ഉടനീളം നഗര-ഗ്രാമീണ പ്രേക്ഷകരെ ഒരുപോലെ ആകർഷിക്കുന്ന ദേശഭക്തിയും ഗ്രാമീണ പശ്ചാത്തലമുള്ള കഥാപാത്രങ്ങളും വിജയകാന്ത് സിനിമകളുടെ പ്രത്യേകതയായിരുന്നു.

അടുത്ത കാലത്ത് അദ്ദേഹം സിനിമയിൽ സജീവമല്ലെങ്കിൽ കൂടിയും വിജയകാന്തിനെ ഇപ്പോഴും സൂപ്പർസ്റ്റാറായി മനസിൽ കൊണ്ടുനടക്കുന്ന നിരവധി ആരാധകർ തെന്നിന്ത്യയിലുണ്ട്. ഒരു കാലത്ത് പ്രതിഫലത്തിൻ്റെ കാര്യത്തിൽ പോലും ഒന്നാം സ്ഥാനത്തായിരുന്നു വിജയകാന്ത്.

Related Articles

Latest Articles