Friday, May 3, 2024
spot_img

നാലംഗ കുടുംബം സഞ്ചരിച്ച കാര്‍ തോട്ടിൽ വീണു; ഒഴുകി നടന്ന വണ്ടി പിടിച്ചുകെട്ടി നാട്ടുകാര്‍

കോട്ടയം : രാത്രി വൈകി എറണാകുളത്തുനിന്ന് ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ യാത്ര ആരംഭിച്ച കുടുംബമാണ് അപകടത്തിൽപ്പെട്ടത്. വഴി തെറ്റിയെത്തിയ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒഴുക്കിൽപ്പെട്ടു. കാറിൽ ഉണ്ടായിരുന്ന ഡോക്ടര്‍ സോണിയയും കുടുംബവും നാട്ടുകാരുടെ ഇടപെടലുകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. കാര്‍ തോട്ടിലൂടെ ഒഴുകിയതോടെ നാട്ടുകാരെത്തി പിടിച്ചുകെട്ടി വലിക്കുകയായിരുന്നു.

ആറ് മാസം പ്രായമായ കുഞ്ഞുൾപ്പെടെയാണ് കാറിൽ ഉണ്ടായിരുന്നത്. ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം നടന്നത്. എറണാകുളത്തുനിന്ന് തിരുവല്ലയ്ക്ക് പോകുകയായിരുന്നു ഇവര്‍. ഡോ.സോണിയ, അമ്മ ശോശാമ്മ, സഹോദരൻ അനീഷ് , സോണിയയുടെ 6 മാസം പ്രായമുള്ള കുഞ്ഞ് എന്നിവരാണ് വലിയ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.

കോട്ടയം തിരുവാതുക്കൽ വച്ച് വഴി തെറ്റിയാണ് ഇവര്‍ പാറേച്ചാലിലെത്തിപ്പെട്ടത്. ശക്തമായ മഴയെ തുടര്‍ന്ന് റോഡും തോടും തിരിച്ചറിയാനാവാത്ത അവസ്ഥയിലായിരുന്നു ഇവിടെ. കാര്‍ തോട്ടിലേക്ക് വീണതോടെ വാഹനത്തിലുണ്ടായിരുന്നവര്‍ ബഹളം വച്ചും ഗ്ലാസിലിടിച്ചും ശബ്ദമുണ്ടാക്കി. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് ഓടിയെത്തി ഇവരെ രക്ഷപ്പെടുത്തിയത്.

കാര്‍ കയര്‍ കെട്ടി വലിക്കാൻ ശ്രമിച്ചപ്പോഴേക്കും വാഹനത്തിന്റെ മുൻഭാഗം ചെളിയിൽ പെട്ടു. ഇതോടെ കാര്‍ സമീപത്തെ പോസ്റ്റിൽ കെട്ടി. കാറിന്റെ ഡോര്‍ തുറന്ന് കുഞ്ഞിനെയും മറ്റുള്ളവരെയും പുറത്തെത്തിച്ചു. തുടര്‍ന്ന് കാര്‍ വലിച്ച് റോഡിലെത്തിക്കുകയായിരുന്നു. അപ്പോഴേക്കും പൊലീസും അഗ്നിരക്ഷാസേനയുമെത്തി. കാറിലുണ്ടായിരുന്നവര്‍ക്ക് പ്രാഥമിക ശുശ്രൂഷ നൽകി. പിന്നീട് സംഭവസ്ഥലത്തെത്തിയ ബന്ധുക്കളോടൊപ്പം ഇവര്‍ മടങ്ങി.

Related Articles

Latest Articles