Wednesday, May 15, 2024
spot_img

ഒന്നുകിൽ സർക്കാർ ജോലി; അല്ലെങ്കിൽ സൈഡ് ബിസിനസ്, രണ്ടും കൂടി ഇനി ഒരുമിച്ച് വേണ്ട!സര്‍ക്കാർ ജീവനക്കാർക്ക് ട്യൂഷൻ സെന്ററുകളോ കോച്ചിങ് സെന്ററുകളോ നടത്താൻ കഴിയില്ല; കേരള സര്‍വീസ് റൂൾസ് ഭേദഗതി ചെയ്തു

തിരുവനന്തപുരം : ഇനിമുതൽ സര്‍ക്കാർ ജീവനക്കാർക്ക് ട്യൂഷൻ സെന്ററുകളോ കോച്ചിങ് സെന്ററുകളോ നടത്താൻ കഴിയില്ല. ഇതിനോടനുബന്ധിച്ച് കേരള സര്‍വീസ് റൂൾസ് ഭേദഗതി ചെയ്തു. സർക്കാർ ഉദ്യോഗസ്ഥരിൽ ചിലർ ജോലിയുടെ ഇടവേളകളിൽ ഇത്തരം സെന്ററുകളിൽ ജോലി ചെയ്യുന്നതായി പരാതികള്‍ ലഭിച്ചതിനെ തുടർന്നാണ് നടപടി. കുറ്റക്കാരെ കണ്ടെത്തിയാൽ വകുപ്പുതല അന്വേഷണത്തിനു ശേഷം കര്‍ശന നടപടി സ്വീകരിക്കും.

നേരത്തെ ട്യൂഷൻ, കോച്ചിങ് സെന്ററുകളിൽ ജോലി ചെയ്യരുതെന്ന് നിർദേശിച്ച് 2020 നവംബറിൽ ഭരണപരിഷ്ക്കാര വകുപ്പ് സർക്കുലർ ഇറക്കിയിരുന്നു. ഈ സർക്കുലറിനു നിയമപരമായി അംഗീകാരം ലഭിക്കുന്നതിനാണ് കെഎസ്ആറിൽ ഭേദഗതി വരുത്തി വിജ്ഞാപനം ഇറക്കിയത്.

വിജിലൻസ് ഡയറക്ടർക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ നൂറിലധികം സെന്ററുകളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ സർക്കാർ ഉദ്യോഗസ്ഥർ ഓഫിസ് സമയത്തും അല്ലാതെയും സ്വകാര്യ ട്യൂഷൻ സെന്ററുകളിൽ ക്ലാസെടുക്കുന്നതായും ക്ലാസിന് പ്രതിഫലം വാങ്ങുന്നതായും കണ്ടെത്തി. അദ്ധ്യാപകരും കെഎസ്ആർടിസി കണ്ടക്ടറും ഡെപ്യൂട്ടി പ്രിസൺ ഓഫിസറും ഇത്തരത്തിൽ ട്യൂഷനെടുക്കുന്നതായും അന്വേഷണത്തിൽ മനസിലായി. സർക്കാർ ജീവനക്കാർ ഇത്തരത്തിൽ സാമ്പത്തിക നേട്ടത്തിനായി പ്രവർത്തിക്കുമ്പോൾ ജനത്തിന് സേവനങ്ങൾ കൃത്യമായി ലഭിക്കുന്നില്ലെന്ന് വിജിലൻസ് റിപ്പോർട്ട് നൽകി. തുടർന്നാണ് ഇത്തരം സ്ഥാപനങ്ങളിൽ സർക്കാർ ജീവനക്കാർ പ്രവർത്തിക്കരുതെന്ന് വ്യക്തമാക്കി സർക്കുലർ ഇറക്കിയത്

Related Articles

Latest Articles