Tuesday, November 3, 2026

സർക്കാർ ജോലി വെറുതെ നൽകേണ്ട ഒന്നല്ല! അതിന്റേതായ മൂല്യമുണ്ട്’; കരൂർ ദുരന്തബാധിതർക്കുള്ള ആശ്രിത നിയമനം റദ്ദാക്കി മദ്രാസ് ഹൈക്കോടതി; വിജയ് സർക്കാരിന് കനത്ത തിരിച്ചടി

ചെന്നൈ: കരൂർ റാലി ദുരന്തത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലി നൽകാനുള്ള തമിഴ്നാട് സർക്കാരിന്റെ തീരുമാനം റദ്ദാക്കി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് . ജൂലൈ പത്തിന് കരൂർ സന്ദർശിച്ച മുഖ്യമന്ത്രി വിജയ് ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കളായ 31 പേർക്കാണ് ആശ്രിത നിയമനം നൽകിയിരുന്നത്. എന്നാൽ സർക്കാർ ജോലി വെറുതെ നൽകേണ്ട ഒന്നല്ലെന്നും അതിന് അതിന്റേതായ മൂല്യമുണ്ടെന്നും നിരീക്ഷിച്ചാണ് കോടതിയുടെ ഈ നിർണ്ണായക ഉത്തരവ്.

ആശ്രിത നിയമനം നൽകുന്നതിനെതിരെ വിവിധ രാഷ്ട്രീയ പാർട്ടികളും സ്വകാര്യ വ്യക്തികളും നൽകിയ പൊതുതാൽപ്പര്യ ഹർജികളിലാണ് ഹൈക്കോടതിയുടെ ഈ വിധി. സർക്കാരിന്റെ ഭാഗം കേട്ട ശേഷം, ലക്ഷക്കണക്കിന് ആളുകൾ ജോലിത്തിനായി കഠിനാധ്വാനം ചെയ്ത് കാത്തിരിക്കുമ്പോൾ ഇത്തരമൊരു അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് നേരിട്ട് ജോലി നൽകാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

2025 സെപ്റ്റംബർ 27-ന് വിജയിന്റെ രാഷ്ട്രീയ പാർട്ടിയായ ടി.വി.കെ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയുണ്ടായ അനിയന്ത്രിതമായ തിരക്കിൽപ്പെട്ടാണ് 41 പേർ മരണപ്പെട്ടത്. ഏഴ് മണിക്കൂറോളം വൈകി വിജയിന്റെ വാഹനവ്യൂഹം എത്തിയതോടെ ജനക്കൂട്ടം ഇരച്ചുകയറിയതാണ് ദുരന്തത്തിന് കാരണമായത്. തുടർന്ന്, മരിച്ചവരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക ഭദ്രത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓരോ കുടുംബത്തിലെയും ഒരാൾക്ക് വീതം സർക്കാർ ജോലി നൽകാൻ വിജയിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനമെടുത്തിരുന്നത്. സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം നിലവിൽ സിബിഐ ആണ് കരൂർ ദുരന്ത കേസ് അന്വേഷിക്കുന്നത്.

Related Articles

Latest Articles