Thursday, October 1, 2026

നേപ്പാൾ അതിർത്തിയിൽ വർഗീയ സംഘർഷം! ഒരാൾ കൊല്ലപ്പെട്ടു, 13 പോലീസുകാർ ഉൾപ്പെടെ 22 പേർക്ക് പരിക്ക്; മേഖലയിൽ നിരോധനാജ്ഞ

ബീഹാറിനോട് ചേർന്നു കിടക്കുന്ന നേപ്പാളിലെ സുൻസരി ജില്ലയിൽ ഉണ്ടായ വർഗീയ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെടുകയും 13 സുരക്ഷാ ഉദ്യോഗസ്ഥരടക്കം 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്ഥിതിഗതികൾ വഷളായതിനെ തുടർന്ന് തിങ്കളാഴ്ച രാവിലെ ഏഴു മണി മുതൽ സുൻസരി ജില്ലയിലെ വിവിധ മേഖലകളിൽ ജില്ലാ ഭരണകൂടം അനിശ്ചിതകാല നിരോധനാജ്ഞ പുറപ്പെടുവിച്ചു.

ഞായറാഴ്ച രാത്രി ദേവ്ഗഞ്ച് റൂറൽ മുൻസിപ്പാലിറ്റിക്ക് കീഴിലുള്ള കപ്താൻഗഞ്ച് പ്രദേശത്താണ് അക്രമ സംഭവങ്ങൾ അരങ്ങേറിയത്. വ്യത്യസ്ത പരിപാടികൾ സംഘടിപ്പിക്കുകയായിരുന്ന രണ്ട് വിഭാഗങ്ങൾ തമ്മിൽ ലൗഡ് സ്പീക്കർ ഉപയോഗിക്കുന്നതിനെയും മതപരമായ പതാകകൾ സ്ഥാപിക്കുന്നതിനെയും ചൊല്ലി വാക്കേറ്റമുണ്ടാവുകയായിരുന്നു. നിമിഷങ്ങൾക്കകം തർക്കം രൂക്ഷമാവുകയും ഇരുവിഭാഗവും തമ്മിൽ കല്ലേറും അക്രമവും ആരംഭിക്കുകയും ചെയ്തു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ സുരക്ഷാ സേനയ്ക്ക് വെടിയുതിർക്കേണ്ടി വന്നു. പോലീസിന്റെ വെടിവെപ്പിൽ ഇരുപത്തിനാലുകാരനായ ഓം പ്രകാശ് മേത്ത എന്ന യുവാവാണ് കൊല്ലപ്പെട്ടത്.

സംഘർഷത്തിൽ പരിക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥരെയും മറ്റുള്ളവരെയും സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അക്രമങ്ങൾ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാൻ അഞ്ചിൽ കൂടുതൽ ആളുകൾ കൂട്ടംകൂടുന്നതും പൊതുയോഗങ്ങളും പ്രകടനങ്ങളും നടത്തുന്നതും ഭരണകൂടം കർശനമായി നിരോധിച്ചിട്ടുണ്ട്. നിരോധനാജ്ഞ ലംഘിക്കുന്നവർക്കെതിരെ പിഴയും തടവുശിക്ഷയും ഉൾപ്പെടെയുള്ള കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഇന്ത്യയുമായുള്ള പ്രധാന വ്യാപാര പാത കൂടിയായ സുൻസരിയിൽ നിലവിൽ സുരക്ഷാസേന കടുത്ത ജാഗ്രത തുടരുകയാണ്.

Related Articles

Latest Articles