Sunday, April 28, 2024
spot_img

ആല്‍പ്‌സ് പര്‍വതത്തിലെ ഹിമാനിയിൽ മഞ്ഞുരുകി; ഇത്തവണ ലഭിച്ചത് 37 വർഷം മുൻപ് കാണാതായ പർവതാരോഹകന്റെ മൃതദേഹം

ജനീവ: സ്വിറ്റ്‌സര്‍ലന്‍ഡിലെ ആല്‍പ്‌സ് പര്‍വതനിരകളില്‍ പർവതാരോഹണത്തിനിടെ 37 വര്‍ഷംമുന്‍പ് കാണാതായ ജർമ്മൻ പൗരനായ പർവതാരോഹകന്റെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ മാസം 12-ന് ആല്‍പ്‌സ് കീഴടക്കാനുള്ള ശ്രമത്തിനിടെ സ്വറ്റ്‌സര്‍ലന്‍ഡിലെ സെര്‍മറ്റിലെ തിയോഡുള്‍ ഹിമാനിയില്‍വെച്ചാണ് ഒരു കൂട്ടം പര്‍വതാരോഹകരാണ് അപ്രതീക്ഷിതമായി അദ്ദേഹത്തിന്റെ മൃതദേഹം കണ്ടത്. മലനിരകളിലെ ഹിമാനി ഉരുകിയതോടെ ഹിമാനിയിൽ കുരുങ്ങിയിരുന്ന മൃതദേഹം പുറത്തെത്തുകയായിരുന്നുവെന്നാണ് കരുതുന്നത് . മൃതദേഹാവശിഷ്ടങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്കായി സിയോണിലെ ആശുപത്രിയിലെത്തിച്ചു. തുടർന്ന് നടത്തിയ ഡിഎന്‍എ പരിശോധനയിലാണ് 1986 സെപ്റ്റംബറില്‍ കാണാതായ ജര്‍മന്‍ സ്വദേശിയായ പര്‍വതാരോഹകന്റെ മൃതദേഹമാണിതെന്ന് തിരിച്ചറിഞ്ഞത്.

മരിച്ചയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇദ്ദേഹം മലകയറാന്‍ ഉപയോഗിച്ചതെന്നു കരുതുന്ന പാദരക്ഷയുടെയും മഞ്ഞില്‍നിന്ന് കയറാന്‍ സഹായിക്കുന്ന ഉപകരണത്തിന്റെയും ചിത്രം പുറത്തുവിട്ടിട്ടുണ്ട്. ആല്‍പ്സ് പര്‍വതനിരകളിലെ പല ഹിമാനികളില്‍നിന്നും മിക്കവാറും എല്ലാ വേനല്‍ക്കാലത്തും വര്‍ഷങ്ങള്‍ക്കുമുന്‍പ് കാണാതായ മനുഷ്യരുടെ ശരീരവും വസ്തുക്കളും കണ്ടെത്താറുണ്ട്.

ഇത്തരത്തിൽ 1968-ല്‍ തകര്‍ന്ന ഒരു വിമാനത്തിന്റെ അവശിഷ്ടം 2022 ൽ ലഭിച്ചിരുന്നു.1979-ല്‍ കാണാതായ ഒരു ബ്രിട്ടീഷ് പര്‍വതാരോഹകന്റെ മൃതദേഹാവശിഷ്ടം 2014-ല്‍ ആല്‍പ്സ് പര്‍വതനിരകളില്‍നിന്ന് ലഭിച്ചിരുന്നു. 2015-ല്‍ 1970-ല്‍ കാണാതായ രണ്ട് ജാപ്പനീസ് പര്‍വതാരോഹകരുടെ മൃതദേഹാവശിഷ്ടങ്ങളും കണ്ടെത്തി.

Related Articles

Latest Articles