Sunday, May 5, 2024
spot_img

സിപിഎമ്മിന്റെയും എസ് എഫ് ഐ യുടെയും ലക്ഷ്യം ഗവർണർ മാത്രമല്ല; ഇടതുപക്ഷത്തെ ചൊടിപ്പിക്കുന്നത് സനാതന ധർമ്മ പീഠത്തിന്റെ സെമിനാർ; കനത്ത സുരക്ഷയിൽ ഗവർണറുടെ പൊതുപരിപാടി വൈകീട്ട് നാലിന്

കോഴിക്കോട്: കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസ്സിൽ ഇടതുപക്ഷത്തിന്റെ അസഹിഷ്ണുതയുടെ കാരണം ഗവർണർ നടത്തിയ നിയമനങ്ങളോ സാന്നിധ്യമോ മാത്രമല്ല. ഇന്ന് സർവ്വകലാശാലയിൽ നടക്കുന്ന സെമിനാറിനോടും സിപിഎമ്മിനും എസ് എഫ് ഐ ക്കും കടുത്ത വിയോജിപ്പുണ്ട്. ശ്രീ നാരായണ ഗുരു നവോത്ഥാനത്തിന്റെ പ്രവാചകൻ എന്ന വിഷയത്തിലാണ് സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്. ഭാരതീയ വിചാര കേന്ദ്രവും കാലിക്കറ്റ് സർവ്വകലാശാല സനാതന ധർമ്മ പീഠവും സംയുക്തമായാണ് സെമിനാർ സംഘടിപ്പിക്കുന്നത്. ആർ എസ് എസ്, ബിജെപി നേതാക്കൾ ഉൾപ്പടെയുള്ളവർ പങ്കെടുക്കുന്നുണ്ട്. പാസുള്ളവർക്കാണ് സെമിനാറിൽ പ്രവേശനം. ദേശീയ സംഘടനകളുടെ ക്യാമ്പസിലെ സാന്നിധ്യമാണ് ഇടതുപക്ഷത്തെ അസ്വസ്ഥരാക്കുന്നത്.

അതേ സമയം വിദ്യാർത്ഥികൾ ഉൾപ്പെടെ ഉള്ളവർക്ക് പ്രധാന ഗേറ്റിലൂടെ പ്രവേശനം ഉണ്ടാകില്ലെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.ബാനറുകൾ പൊലീസിനെ ഉപയോഗിച്ച് ഇന്നലെ രാത്രി നീക്കിയതിന് പിന്നാലെ എസ്എഫ്ഐ പ്രവർത്തകർ വീണ്ടും ബാനർ ഉയർത്തിയതിനാൽ ഗവർണറുടെ തുടർ നീക്കവും പ്രതീക്ഷിക്കാം. ഗവർണറെ സർവ്വകലാശാലയിൽ പ്രവേശിക്കാൻ അനുവദിക്കില്ല എന്നായിരുന്നു എസ് എഫ് ഐ യുടെ പ്രതിഷേധം. എന്നാൽ പ്രതിഷേധങ്ങൾക്കിടെ ശനിയാഴ്ച തന്നെ ഗവർണർ എത്തിയിരുന്നു. ഇന്നലെ ഗവർണർക്ക് സ്വകാര്യ പരിപാടികൾ മാത്രമാണുണ്ടായിരുന്നത്. അതുകൊണ്ട് ഇന്നലെ പ്രതിഷേധം ഉണ്ടായിരുന്നില്ല. പരിപാടിക്ക് ശേഷം ഗവർണർ ഇന്ന് വൈകുന്നേരം തിരുവനന്തപുരത്ത് തിരിച്ചെത്തും. പ്രതിഷേധങ്ങൾ കണക്കിലെടുത്ത് രാജ്ഭവന്റെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.

Related Articles

Latest Articles