കൊച്ചി: ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ വീടുകളിൽ പതാക ഉയർത്തി ആഘോഷിച്ച വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ആദരിച്ച് ഇന്ത്യൻ നാവിക സേന.
തൃശൂർ ചേർപ്പിലുള്ള സിഎൻഎൻ ബോയ്സ് ഹൈസ്കൂളിലെ വിദ്യാർത്ഥികളെയാണ് ദക്ഷിണ നേവൽ കമാൻഡ് കൊച്ചി നേവൽ ബേസിലേക്ക് വിളിച്ച് വരുത്തി ആദരിച്ചത്.
റിപ്പബ്ലിക് ദിനത്തിൽ സമൂഹമാധ്യമത്തിൽ കുട്ടികളുടെ റിപ്പബ്ലിക് ദിനാചരണ വീഡിയോകൾ ശ്രദ്ധേയമായിരുന്നു. വീടുകളിൽ ത്രിവർണ്ണ പതാക ഉയർത്തി ദേശീയ ഗാനം പാടിയാണ് ഇവർ റിപ്പബ്ലിക് ദിനം ആഘോഷിച്ചത്.
എന്നാൽ കോവിഡ് സാഹചര്യം കണക്കിലെടുത്തായിരുന്നു ഇത്. കുട്ടികളുടെ അമ്മൂമയാണ് ദേശീയ പതാക ഉയർത്തിയത്. എല്ലാവരും ചേർന്ന് നിന്നുകൊണ്ട് ഭാരത് മാതാ കി ജയ് വിളിക്കുന്നതും വീഡിയോയിൽ കാണാം. ശ്രദ്ധേയമായിരുന്ന വീഡിയോയിലെ കുട്ടികളുടെ ഊർജ്ജവും രാജ്യസ്നേഹവും ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ഇവരെ നേവൽ ബേസിലേക്ക് നേരിട്ട് വിളിച്ച് ആദരിക്കാൻ നാവിക സേന തീരുമാനിച്ചത്.
അതേസമയം ഇന്ത്യൻ നേവൽ ഷിപ്പായ മഗറിനെയാണ് സംഘം ആദ്യം സന്ദർശിച്ചത്. തുടർന്ന് ഇന്ത്യൻ നേവൽ മാരിടൈം മ്യൂസിയത്തിലും സന്ദർശനം നടത്തി. പിന്നീട് ഫോർട്ട് കൊച്ചിയിലുള്ള നേവിയുടെ ഗണ്ണറി ട്രെയിനിംഗ് എസ്റ്റാബ്ലിഷ്മെന്റായ ഐഎൻഎസ് ദ്രോണാചാര്യയും സന്ദർശിച്ചു.തുടർന്ന് കമാൻഡിംഗ് ഓഫീസർമാരും, ഐഎൻഎസ് മഗർ ഐഎൻഎസ് ദ്രോണാചാര്യ എന്നിവയിലെ ഉദ്യോഗസ്ഥരും അവരുടെ കുടുംബവും പരിപാടിയിൽ പങ്കെടുത്തു.
പരിപാടിയിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നാവിക സേന സമ്മാനങ്ങളും നൽകി. കൂടാതെ പതാക ഉയർത്തിയ അമ്മൂമ്മയെ പൊന്നാടയിച്ച് ആദരിച്ചു. ഒപ്പം നിന്ന് സന്തോഷം പ്രകടിപ്പിച്ച കുഞ്ഞിനും സമ്മാനങ്ങൾ നൽകി.ചടങ്ങിൽ നേവൽ വൈഫ്സ് വെൽഫെയർ അസോസിയേഷൻ അംഗങ്ങൾ, നേവൽ കെജിയിലെ അദ്ധ്യാപകർ എന്നിവരും പങ്കെടുത്തു. തുടർന്ന് എല്ലാവരും സദ്യ കഴിച്ചതിന് ശേഷമാണ് അവിടെനിന്നും മടങ്ങിയത്.





