ബ്രസ്സൽസ്: ഗ്രീൻലാൻഡ് വിഷയത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് ഉയർത്തുന്ന ഭീഷണികൾക്ക് മറുപടിയായി അമേരിക്കയുമായുള്ള നിർണ്ണായക വ്യാപാര കരാർ അംഗീകരിക്കുന്നത് തൽക്കാലം നിർത്തിവെക്കാൻ യൂറോപ്യൻ യൂണിയൻ പാർലമെന്റ് തീരുമാനിച്ചു. അമേരിക്കൻ വ്യാവസായിക ഉൽപ്പന്നങ്ങളുടെ നികുതി ഒഴിവാക്കുന്നത് സംബന്ധിച്ച വോട്ടെടുപ്പ് വരും ആഴ്ചകളിൽ നടത്താനായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും ട്രമ്പിന്റെ പുതിയ നീക്കങ്ങളുടെ പശ്ചാത്തലത്തിൽ ഇത് മാറ്റിവെക്കുകയായിരുന്നു. കരാർ പൂർണ്ണമായും റദ്ദാക്കിയിട്ടില്ലെങ്കിലും, വൈറ്റ് ഹൗസിനുള്ള ശക്തമായ പ്രതിഷേധ സൂചകമായാണ് ഈ നടപടിയെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. യൂറോപ്യൻ വിപണി നഷ്ടപ്പെടുത്താൻ അമേരിക്കൻ കമ്പനികൾ ആഗ്രഹിക്കില്ലെന്നും അതിനാൽ തന്നെ ഇത് ശക്തമായ ഒരു സമ്മർദ്ദതന്ത്രമാണെന്നും സെൻട്രിസ്റ്റ് റിന്യൂ ഗ്രൂപ്പ് അദ്ധ്യക്ഷ വലേരി ഹെയർ വ്യക്തമാക്കി.
ഗ്രീൻലാൻഡ് കൈമാറണമെന്ന ആവശ്യം നിരസിച്ചതിനെത്തുടർന്ന് ഫ്രാൻസ്, ജർമ്മനി ഉൾപ്പെടെയുള്ള ആറ് യൂറോപ്യൻ രാജ്യങ്ങൾക്ക് മേൽ അധിക നികുതി ചുമത്തുമെന്ന് ട്രമ്പ് ഭീഷണിപ്പെടുത്തിയിരുന്നു. ഡെന്മാർക്കിന്റെ സ്വയംഭരണ പ്രദേശമായ ഗ്രീൻലാൻഡിനെ ചൊല്ലിയുള്ള ഈ തർക്കം രൂക്ഷമായ സാഹചര്യത്തിൽ യൂറോപ്യൻ യൂണിയൻ നേതാക്കൾ വ്യാഴാഴ്ച വൈകുന്നേരം ബ്രസ്സൽസിൽ അടിയന്തര ഉച്ചകോടി ചേരും. ട്രമ്പ് നിലപാട് മാറ്റിയില്ലെങ്കിൽ കഴിഞ്ഞ വർഷം ഒപ്പുവെച്ച വ്യാപാര കരാറുകൾ പൂർണ്ണമായും മരവിപ്പിക്കാനും 93 ബില്യൺ യൂറോയുടെ അധിക നികുതി അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് മേൽ ചുമത്താനും യൂറോപ്യൻ യൂണിയൻ ആലോചിക്കുന്നുണ്ട്.
കഴിഞ്ഞ വർഷം ഇരുപക്ഷവും തമ്മിലുണ്ടായ വ്യാപാര യുദ്ധം ഒഴിവാക്കുന്നതിനായി ഫെബ്രുവരി 6 വരെ നികുതി വർദ്ധനവ് സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ പുതിയ സാഹചര്യത്തിൽ അമേരിക്കയുടെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടായാൽ കർശനമായ പ്രതിരോധ നടപടികളുമായി മുന്നോട്ട് പോകാനാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഉൾപ്പെടെയുള്ള നേതാക്കളുടെ തീരുമാനം. ഇതിനായി യൂറോപ്യൻ യൂണിയന്റെ ‘ആന്റി കോയേർഷൻ’ വ്യാപാര നിയമങ്ങൾ പ്രയോഗിക്കാനും നീക്കമുണ്ട്. അമേരിക്കയുമായുള്ള നയതന്ത്ര ബന്ധത്തിൽ വലിയ വിള്ളൽ വീഴ്ത്തുന്നതാണ് ഗ്രീൻലാൻഡിനെ ചൊല്ലിയുള്ള പുതിയ സംഭവവികാസങ്ങൾ.

