Tuesday, May 14, 2024
spot_img

ഗുജറാത്തിൽ നടുക്കടലിൽ വച്ച് ബോട്ടിന് തീപിടിച്ചു; മത്സ്യത്തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു

ഗാന്ധിനഗർ: ഗുജറാത്തിൽ നടുക്കടലിൽ വച്ച് മത്സ്യബന്ധന ബോട്ടിന് (Boat Burnned) തീപിടിച്ചു. അറബിക്കടലിന്റെ ഗുജറാത്ത് തീരത്ത് 50 നോട്ടിക്കൽ മൈൽ അകലെവച്ചാണ് സംഭവം. കാർവാറിന് സമീപം കടലിൽ മത്സ്യബന്ധനത്തിന് പോയവരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ഇവരെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. വർദ വിനായക-1 എന്ന ബോട്ടിനാണ് തീ പിടിച്ചത്.

ബോട്ടിന്റെ വീൽ ഹൗസിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. മാൽപെയിലെ കോസ്റ്റൽ സെക്യൂരിറ്റി പോലീസ് വിവരം അറിയിച്ചതിനെ തുടർന്നാണ് തീരസംരക്ഷണ സേനാംഗങ്ങൾ സ്ഥലത്തെത്തിയത്. മൂന്ന് മണിക്കൂർ നേരമെടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്. കോസ്റ്റ് ഗാർഡിന്റെ ആരുഷ് കപ്പലാണ് രക്ഷാപ്രവർത്തനത്തിനായി ഉപയോഗിച്ചത്. അപകടത്തിൽ ബോട്ട് പൂർണ്ണമായും കത്തി നശിച്ചു. തീപടർന്നതോടെ ബോട്ട് കടലിൽ മുങ്ങുകയും ചെയ്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നും തന്നെയില്ലെന്ന് കോസ്റ്റൽ പോലീസ് അറിയിച്ചു.

അതേസമയം കഴിഞ്ഞ ദിവസം ഗുജറാത്തിൽ മത്സ്യത്തൊഴിലാളികൾക്ക് നേരെ പാകിസ്ഥാൻ വെടിയുതിർത്തിരുന്നു. ഗുജറാത്തിലെ ദ്വാരക തീരത്തിന് സമീപത്തെ അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയിലാണ് സംഭവം ഉണ്ടായത്. ശ്രീധര്‍ എന്ന മത്സ്യത്തൊഴിലാളിയാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം നടന്നത്. ജല്‍പാരി എന്ന ബോട്ടിന് നേരെ പാക് നാവിക സേന അകാരണമായി വെടിവെക്കുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന ആറുപേരെ പാക് നാവിക സേന കസ്റ്റഡിയിലെടുത്തെന്നും ഇതില്‍ ഒരാള്‍ക്ക് വെടിവയ്പ്പില്‍ പരിക്കേറ്റെന്നും റിപ്പോര്‍ട്ട് ചെയ്തു. ഇതേപ്രദേശത്ത് മുമ്പും പാക് നാവികസേന ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളോട് പ്രകോപനപരമായി പെരുമാറിയിട്ടുണ്ട്. 2013ല്‍ പാക് നാവികസേനയുടെ വെടിവയ്പ്പില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ വര്‍ഷം 11 പേരെ പാക് നാവികസേന അറസ്റ്റ് ചെയ്യുകയും ചെയ്തു.

Related Articles

Latest Articles