Thursday, December 18, 2025

അനേകം ക്രിമിനൽ കേസുകളിലെ പ്രതിയും ഗുണ്ടാ തലവനുമായ ഷമീം അറസ്റ്റിൽ

മലപ്പുറം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും ഗുണ്ടാ തലവനുമായ ഷമീം അറസ്റ്റിൽ. പൊന്നാനിയിൽ വച്ചാണ് ഇയാൾ പോലീസ് പിടിയിലാകുന്നത്. പൊന്നാനി നഗരം സ്വദേശി ഏഴുകുടിക്കൽ വീട്ടിൽ ഷമീമിനെയാണ് പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തത്. 15 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ ലഹരി മാഫിയയുടെ തലവനും കൂടിയാണെന്ന് പോലീസ് പറയുന്നു.

സംസ്ഥാനത്തെ ഗുണ്ടാ ലിസ്റ്റിലുള്ളവർക്കെതിരെ നടപടി ശക്തമാക്കിയതോടെയാണ് ഷമീം അറസ്റ്റിലായത്. പൊന്നാനിയിലെ ഗുണ്ടാ ലിസ്റ്റിൽ പ്രധാനിയായ ഇയാൾക്കെതിരെ കാപ്പ ചുമത്തുമെന്ന് അധികൃതർ അറിയിച്ചു. കർമ്മ റോഡ്, ടൂറിസ്റ്റ് കേന്ദ്രങ്ങൾ എന്നിവടങ്ങളിൽ തമ്പടിച്ച് ദമ്പതിമാരെയും കമിതാക്കളെയും അക്രമിച്ച് പിടിച്ചുപറിയ്ക്കലാണ് ഇയാളുടെ ഹോബി. കൂടാതെ ചെറുപ്പക്കാർക്ക് ന്യൂ ജെൻ ലഹരി വസ്തുക്കൾ എത്തിക്കുന്നതും ഇയാളാണന്ന് പോലീസ് പറഞ്ഞു.

നാട്ടുകാർക്കും പൊലീസുകാർക്കും തലവേദനയായ ഇയാളെ വളരെ സാഹസികമായാണ് പൊന്നാനിയിൽ നിന്ന് പിടികൂടിയത്. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊന്നാനി സി ഐ വിനോദ് വലിയാറ്റൂരിൻറെ നേതൃത്വത്തിൽ പോലീസുകാരായ മഹേഷ്, നിഖിൽ, എസ് ഐ കൃഷ്ണലാൽ എന്നിവരുടെ ശ്രമഫലമായാണ് ഷമീമിനെ പിടികൂടിയത്. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Related Articles

Latest Articles