Tuesday, October 27, 2026

തോക്കും കത്തികളും പെപ്പർ സ്പ്രേയും !!ജർമ്മനിയിലെ ഗുരുദ്വാരയിൽ വൻ സംഘർഷം; 11 പേർക്ക് പരിക്ക്

ജർമ്മനിയിലെ ഡ്യൂയിസ്‌ബർഗ് പ്രവിശ്യയിലെ ഗുരുദ്വാരയിൽ ഉണ്ടായ സംഘർഷത്തിൽ 11 പേർക്ക് പരിക്ക്. തിങ്കളാഴ്ച നടന്ന സംഭവത്തിൽ മാരകായുധങ്ങളുടെ ഉപയോഗമുണ്ടായതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഗുരുദ്വാരയ്ക്കുള്ളിൽ വെച്ച് നടന്ന സംഘർഷത്തിൽ 40-ഓളം ആളുകൾ ഉൾപ്പെട്ടതായാണ് വിവരം. വിവരമറിഞ്ഞ് ജർമ്മൻ പോലീസിന്റെ പ്രത്യേക ടാക്റ്റിക്കൽ വിഭാഗം സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്.

സംഭവസ്ഥലത്തുനിന്നുള്ള ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിക്കുന്നുണ്ട്. കത്തി, കിർപ്പാൻ തുടങ്ങിയ മാരകായുധങ്ങൾ സംഘർഷത്തിൽ ഉപയോഗിച്ചതായും പെപ്പർ സ്പ്രേ പ്രയോഗിച്ചതായും ദൃക്സാക്ഷികൾ വെളിപ്പെടുത്തുന്നു. ഇതിനു പുറമെ ഒരാൾ തോക്ക് ഉപയോഗിച്ച് വെടിവെച്ചതായും റിപ്പോർട്ടുകളുണ്ട്. പ്രാർത്ഥന തുടങ്ങുന്നതിന് തൊട്ടുമുമ്പായി അക്രമികൾ മുൻകൂട്ടി തയ്യാറായാണ് എത്തിയതെന്നും, പെട്ടെന്ന് പെപ്പർ സ്പ്രേ പ്രയോഗിക്കുകയും പിന്നീട് ആക്രമണം അഴിച്ചുവിടുകയുമായിരുന്നുവെന്നും സംഭവത്തിന് ദൃക്സാക്ഷിയായ 56-കാരൻ പ്രാദേശിക മാദ്ധ്യമമായ ബിൽഡിനോട് പറഞ്ഞു. അക്രമം ഭയന്ന് നിരവധി പേർ പരിഭ്രാന്തരായി ഓടി രക്ഷപ്പെടുകയായിരുന്നു.

ഗുരുദ്വാര മാനേജ്‌മെന്റ് ബോർഡ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളും ഫണ്ടുകൾ കൈകാര്യം ചെയ്യുന്നതിനെ ചൊല്ലിയുള്ള അഭിപ്രായവ്യത്യാസങ്ങളുമാണ് അക്രമത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. വർഷങ്ങളായി നിലനിൽക്കുന്ന അധികാര തർക്കങ്ങളും വ്യക്തിതാൽപര്യങ്ങളുമാണ് ഗുരുദ്വാരക്കുള്ളിലെ ഈ അസ്വസ്ഥതകൾക്ക് കാരണം. സംഭവസ്ഥലത്ത് നിന്നും ലഭിച്ച വെടിയുണ്ടയുടെ അവശിഷ്ടങ്ങൾ പരിശോധിച്ചതിൽ നിന്നും അത് ബ്ലാങ്ക് ഫയറിംഗ് പിസ്റ്റളാണെന്ന് പോലീസ് സംശയിക്കുന്നു. ഇതുവരെ തോക്ക് കണ്ടെത്താനായിട്ടില്ലെങ്കിലും സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പരുക്കേറ്റ 11 പേർക്ക് സംഭവസ്ഥലത്തുവെച്ചുതന്നെ പ്രഥമശുശ്രൂഷയും വൈദ്യസഹായവും ലഭ്യമാക്കി. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Latest Articles