Friday, May 17, 2024
spot_img

ദേശീയതയുടെ പ്രതിരൂപം; ഇന്ന് ഗുരു ഗോബിന്ദ് സിംഗ് ജയന്തി; ഗുരുജിയെ അനുസ്മരിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ഇന്ന് ഗുരു ഗോബിന്ദ് സിംഗ് ജയന്തി. ചരിത്രത്തില്‍ വഴിത്തിരിവുകള്‍ ഉണ്ടാക്കുകയും, ഓരോ കാലഘട്ടങ്ങളെയും പരിഷ്കരിച്ച് വരും തലമുറകളില്‍ സ്വാധീനം നിലനിര്‍ത്തുകയും ചെയ്യുന്ന വ്യക്തിത്വങ്ങളെ കാലം യുഗപുരുഷന്മാരെന്ന് വിശേഷിപ്പിക്കാറുണ്ട്. ഇത്തരം യുഗപുരുഷന്മാരുടെ പട്ടികയില്‍പെടുത്താവുന്ന വ്യക്തിയാണ് ഗുരു ഗോബിന്ദ് സിംഗ്. ഒന്‍പതാം വയസ്സിലാണ് അദ്ദേഹം സിഖ് ഗുരുവായത്. ഗുരു ഗോബിന്ദ് സിംഗിന്‍റെ രാഷ്ട്രത്തെപ്പറ്റിയുള്ള കാഴ്ച്ചപ്പാടുകള്‍ എക്കാലവും ഭാരതത്തിലെ യുവഹൃദയങ്ങളെ തീവ്ര ദേശീയതയുടെ പ്രണയകാലത്തിലേക്കെത്തിക്കുന്നു. ദേശീയതയ്ക്ക് വേണ്ടി നിലകൊണ്ടതിന്‍റെ പേരില്‍ ഏറെ ദുരന്തങ്ങള്‍ അദ്ദേഹത്തിന് ഏറ്റുവാങ്ങേണ്ടി വന്നു. മതം മാറാന്‍ തയ്യാറാകാത്തതിന്‍റെ പേരില്‍ അദ്ദേഹത്തിന് തന്‍റെ മക്കളെ പോലും നഷ്ടപ്പെട്ടു. എങ്കിലും ഭൂമിയില്‍ ജീവിച്ചനാള്‍ അത്രയും ഭാരതത്തിന്‍റെ അഖണ്ഡതയ്ക്കായി അദ്ദേഹം നിലകൊണ്ടു.

1666 ഡിസംബര്‍ 22 ന് ബീഹാറിലെ പാറ്റ്നയിലായിരുന്നു ഗുരു ഗോബിന്ദ് സിംഗിന്‍റെ ജനനം. സിഖ് കലണ്ടര്‍ പ്രകാരമാണ് ഗുരു ഗോബിന്ദ് സിംഗ് ജയന്തി ഇന്ന് ആഘോഷിക്കുന്നത്. ഇംഗ്ഗിഷ് കലണ്ടര്‍ പ്രകാരം നോക്കിയാല്‍ ഗോബിന്ദ് സിംഗ് ജയന്തി ഡിസംബര്‍ 22 നാണ് നടക്കേണ്ടത്. സിഖ് മതവിഭാഗങ്ങളുടെ ഒന്‍പതാമത്തെ ഗുരുവായ തേജ് ബഹദൂറാണ് ഗോബിന്ദ് സിംഗിന്‍റെ പിതാവ്. തേജ് ബഹദൂറിനെ മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഔറംഗസേബ് തടവിലാക്കുകയും, ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാക്കുകയും ചെയ്തു. ഇസ്ലാംമതം സ്വീകരിക്കാന്‍ തയ്യാറാവാത്തതിന്‍റെ പേരില്‍ തേജ് ബഹദൂറിനെ പിന്നീട് വധിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഒന്‍പതാം വയസ്സില്‍ ഗോബിന്ദ് സിംഗ് സിഖ്ഗുരുവായി സ്ഥാനമേല്ക്കുന്നത്.

ഗുരുനാനാക്ക് സ്ഥാപിച്ച സിഖ് വിശ്വാസത്തെ ഒരു സംഘടിത രൂപമുള്ള മതമാക്കി ചിട്ടപ്പെടുത്തിയത് ഗോബിന്ദ് സിംഗായിരുന്നു. സിഖ് മതവിശ്വാസിയും, തത്വചിന്തകനുമായിരുന്ന ഗോബിന്ദ് സിംഗ് രാഷ്ട്രസംബന്ധമായ കാര്യങ്ങളിലും പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നു. 1699 ല്‍ അദ്ദേഹം രൂപം നല്കിയ ഖല്‍സ എന്ന സംഘടന മുഗളന്മാരുള്‍പ്പെടെയുള്ള അധിനിവേശ ശക്തികള്‍ക്കെതിരെ ശക്തമായി നിലയുറപ്പിച്ചു.

1704 ല്‍ ചാമക്ക്യൂറില്‍ ഔറംഗസേബിന്‍റെ സൈന്യവുമായി ഗോബിന്ദ് സിംഗുവും സംഘവും ഏറ്റുമുട്ടുകയും, അന്തിമ വിജയം സിഖ് സംഘം നേടുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ നിരവധി പോരാട്ടങ്ങള്‍ക്ക് ഗുരു ഗോബിന്ദ് സിംഗ് നേരിട്ടു നേതൃത്വം നല്‍കി. ഇതിനുള്ള പ്രതികാരം മുഗളന്മാര്‍ തീര്‍ത്തത് ഗോബിന്ദ് സിംഗിന്റെ രണ്ട് കുട്ടികളായ ഫത്തേ സിങ്ങിനെയും, ജൊഝാവർ സിങ്ങിനെയും കല്ലറ കെട്ടികൊന്നുകൊണ്ടായിരുന്നു. മതം മാറാന്‍ തയ്യറാകാത്തതിന്‍റെ പേരിലാണ് ആ രണ്ടു പിഞ്ചു ബാലന്മാരെ കല്ലറ കെട്ടി കൊന്നത്. ഇത്തരത്തില്‍ ദേശീയതയ്ക്ക് വേണ്ടി നിലകൊണ്ടതിന്‍റെ പേരില്‍ ഏറെ ദുരന്തങ്ങള്‍ ഗുരുഗോബിന്ദ് സിംഗിന് തന്റെ ജീവിതത്തില്‍ ഏറ്റുവാങ്ങേണ്ടി വന്നി്ട്ടുണ്ട്. 1708 ഒക്ടോബര്‍ ഏഴിന് 42ാം വയസ്സില്‍ ഗോബിന്ദ് സിംഗ് അന്തരിച്ചു. മരിക്കുന്നതിനു മുന്‍പ് സിഖ് മതത്തിന്‍റെ ഗുരുസ്ഥാനം പതിനൊന്നാമത്തേയും എന്നന്നേക്കുമുള്ളതുമായ ഗുരുവായ ഗുരു ഗ്രന്ഥ സാഹിബിനു കൈമാറുകയും ചെയ്തു.

അതേസമയം ഗുരു ഗോബിന്ദ് സിംഗിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതിയുമുള്‍പ്പെടെ നിരവധി പ്രമുഖ നേതാക്കള്‍ അനുസ്മരിച്ചു. നീതിപൂർവകവും സമഗ്രവുമായ ഒരു സമൂഹം സൃഷ്ടിക്കുന്നതിനായി നീക്കിവച്ച ഒരു ജീവിതമായിരുന്നു അദ്ദേഹത്തിന്റേതെന്നും, തന്റെ തത്ത്വങ്ങൾ ഉയർത്തിപ്പിടിക്കുമ്പോൾ അദ്ദേഹം അചഞ്ചലനായിരുന്നുവെന്നും, അദ്ദേഹത്തിന്റെ ധൈര്യവും ത്യാഗവും ഞങ്ങൾ ഓർക്കുന്നുവെന്നു പറഞ്ഞായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്. എന്നാല്‍ മാനവികതയ്ക്ക് പ്രചോദനവും സമത്വവും സമന്വയവും പ്രചരിപ്പിക്കുന്ന ജീവിതമായിരുന്നു ഗുരു ഗോബിന്ദ് സിംഗിന്റേതെന്ന് പറഞ്ഞായിരുന്നു രാഷ്ട്രപതിയുടെ ട്വീറ്റ് . അദ്ദേഹം ഒരു ആത്മീയ ആദർശം മാത്രമല്ല, പരമമായ ത്യാഗത്തെ അഭിമുഖീകരിക്കുമ്പോഴും തത്ത്വങ്ങൾക്കൊപ്പം നിന്ന ഒരു യോദ്ധാവായിരുന്നുവെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ് ട്വിറ്ററില്‍ കുറിച്ചു.

Related Articles

Latest Articles