ഗുവാഹട്ടി: അസമിൽ ഭീകര സംഘടയുമായി ബന്ധമുള്ള മദ്രസ അദ്ധ്യാപകനും ഇമാമും അറസ്റ്റിൽ. ബംഗ്ലാദേശി ഭീകര സംഘടനയിലെ കണ്ണികളായ മുസാദിക്ക് ഹുസ്സൈൻ, ഇക്രാമുൾ ഇസ്ലാം എന്നിവരാണ് അറസ്റ്റിലായത്. പോലീസിനെ ഭയന്ന് ഒളിവിൽ പോയ ഇവരെ മോറിഗാവ് ജില്ലയിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്.
നിരോധിത ഭീകര സംഘടനയായ അൻസാറുള്ള ബംഗ്ലാ ടീമുമായി ചേർന്ന് പ്രവർത്തിക്കുന്നവരായിരുന്നു ഇരുവരും. അടുത്തിടെ ഗോൽപ്പാറയിൽ പ്രദേശവാസികൾ പൊളിച്ച് മാറ്റിയ മദ്രസയിലെ അദ്ധ്യാപകരായി ജോലി ചെയ്തുകൊണ്ടായിരുന്നു ഇവരുടെ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ. സംഭവത്തെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചതോടെ ഇരുവരും ഒളിവിൽ പോയി.
രണ്ടാഴ്ചയോളം നീണ്ട ഊർജ്ജിത അന്വേഷണത്തിനൊടുവിലാണ് ഇവർ പോലീസിന്റെ പിടിയിലായിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി പോലീസ് ഇരുവരെയും വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇവർക്ക് അൽഖ്വായ്ദയുമായി ബന്ധമുണ്ടെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ഇവർ ജോലി ചെയ്തിരുന്ന മദ്രസ നാട്ടുകാർ ചേർന്ന് പൊളിച്ച് നീക്കിയത്. മദ്രസയിലെ മറ്റൊരു ഇമാമാണ് മുസാദിക്ക് ഹുസ്സൈനും, ഇക്രാമുൾ ഇസ്ലാമിനും ജോലി നൽകിയിരുന്നത്. ഇയാളെ പോലീസ് നേരത്തെ പിടികൂടിയിരുന്നു.

