Tuesday, May 28, 2024
spot_img

ഗ്യാന്‍വാപി കേസ് : മുസ്ലീം വിഭാഗം നൽകിയ ഹർജില്‍ ഇന്ന് വിചാരണ പുനരാരംഭിക്കും

ലക്‌നൗ: ഗ്യാന്‍വാപി കേസില്‍ വാരണാസി ജില്ലാ കോടതിയില്‍ ഇന്ന് വിചാരണ പുനരാരംഭിക്കും. കേസ് പരിഗണിക്കുന്നതിന് മുന്നോടിയായി സിവില്‍ കോടതിയിലുണ്ടായിരുന്ന രേഖകള്‍ ജില്ല കോടതിയിലേക്ക് മാറ്റിയിരിക്കുകയാണ്.

സുപ്രീംകോടതിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് സിവില്‍ കോടതിയില്‍ നിന്ന് കേസ് ജില്ലാ കോടതിയിലേക്ക് മാറ്റിയത്. പ്രാര്‍ത്ഥനക്ക് അനുവാദം തേടി ഹിന്ദു സ്ത്രീകള്‍ നല്‍കിയ അപേക്ഷ കേള്‍ക്കാന്‍ കോടതിക്ക് അധികാരമുണ്ടായിരുന്നോ എന്ന വിഷയമാണ് ആദ്യം പരിഗണിക്കുന്നത്. 1991 ലെ ആരാധനാലയ സംരക്ഷണ നിയമപ്രകാരം കോടതിക്ക് കേസ് കേള്‍ക്കാന്‍ അധികാരമില്ലെന്നാണ് മസ്ജിദ് കമ്മിറ്റി വാദിക്കുന്നത്. ഇതിന് അനുസബന്ധമായ സര്‍വേ റിപ്പോര്‍ട്ടും കോടതി പരിഗണിക്കും.

ഹർജിയിൽ മെയ് 30 നായിരുന്നു അവസാന വാദം. പിന്നീട് ഹർജി പരിഗണിച്ചിരുന്ന ജഡ്ജി എ.കെ വിശ്വേഷ് വാദം കേൾക്കുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഇന്ന് വാദം കേൾക്കുന്ന കോടതി മസ്ജിദിൽ നടന്ന വീഡിയോഗ്രഫി സർവ്വേയുടെ ദൃശ്യങ്ങളും പരിശോധിക്കും

സര്‍വ്വേയ്‌ക്കിടെ ശിവലിംഗം കണ്ടെത്തിയ ഭാഗം ആരാധനയ്‌ക്കായി ഹിന്ദുക്കള്‍ക്ക് തുറന്നു നല്‍കണമെന്ന് ആവശ്യപ്പെട്ട് അഞ്ച് ഹിന്ദു സ്ത്രീകളാണ് കോടതിയെ സമീപിച്ചത്. ഇതിന് പിന്നാലെ ഇവര്‍ നല്‍കിയ ഹര്‍ജി നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടി അന്‍ജുമാന്‍ ഇന്തസാമിയ കോടതിയെ സമീപിക്കുകയായിരുന്നു. ഈ അഞ്ച് സ്ത്രീകളെ ഒരു വിഭാഗത്തിന്റെ പ്രതിനിധികളായി കാണാന്‍ സാധിക്കില്ലെന്നായിരുന്നു മുസ്ലീം വിഭാഗത്തിനായി ഹാജരായ അഭിഭാഷകന്‍ അഖലാഖ് അഹമ്മദ് കോടതിയെ അറിയിച്ചിരുന്നത്. അതേസമയം ഹര്‍ജി നിലനില്‍ക്കുമെന്ന് ഹിന്ദു സ്ത്രീകള്‍ക്കായി ഹാജരായ അഭിഭാഷകന്‍ സുഭാഷ് നന്ദന്‍ ചഥുര്‍വേദിയും കോടതിയോട് വ്യക്തമാക്കിയിരുന്നു.

Related Articles

Latest Articles