ദില്ലി: കേന്ദ്ര ബഡ്ജറ്റ് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട ഒരു ചടങ്ങാണ് (Halwa Ceremony) ഹൽവ സെറിമണി. മാസങ്ങൾ നീണ്ട പ്രവർത്തനങ്ങളിലൂടെയാണ് ഓരോ വർഷവും രാജ്യത്തിന്റെ ബഡ്ജറ്റ് തയ്യാറാക്കുന്നത്. ധനകാര്യ മന്ത്രി പാർലമെന്റിൽ ബഡ്ജറ്റ് പ്രസംഗം നടത്തുന്നത്തോടെയാണ് ആ പ്രക്രിയ അവസാനിക്കുക.
ഹൽവ സെറിമണി ബഡ്ജറ്റ് നിർമ്മാണ പ്രക്രിയയുടെ ഏറ്റവും അവസാന ഘട്ടത്തിന് തൊട്ട് മുന്നേ നടക്കുന്ന ചടങ്ങാണ്. ബഡ്ജറ്റ് പ്രസംഗവും മറ്റനുബന്ധ രേഖകളും അച്ചടിക്കുന്നതാണ് ഏറ്റവും അവസാന ഘട്ടം. അതു നടക്കുന്നതാകട്ടെ പാർലമെന്റ് സെക്രട്ടറിയേറ്റിലെ നോർത്ത് ബ്ലോക്കിലെ ബെയ്സ്മെന്റ് ഫ്ലോറിലെ പ്രെസ്സിലാണ്. 1980 മുതൽ 2020 വരെ ഇവിടെയാണ് ബഡ്ജറ്റ് രേഖകൾ അച്ചടിച്ചിരുന്നത്. ബഡ്ജറ്റ് രേഖകൾക്ക് അതീവ രഹസ്യ സ്വഭാവമുണ്ട്. ധനമന്ത്രി പാർലമെന്റിൽ ബഡ്ജറ്റ് പ്രസംഗം നടത്തിക്കഴിയുന്നത് വരെ വിവരങ്ങളുടെ ചോർച്ച പാടില്ല. അതിനായി അച്ചടി തുടങ്ങി പ്രസംഗം വരെ ബഡ്ജറ്റ് മായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരും ജീവനക്കാരും തൊഴിലാളികളും ഈ നോർത്ത് ബ്ലോക്ക് വിട്ടുപോകാൻ പാടില്ല. ഏതാണ്ട് പത്ത് ദിവസത്തോളം ജീവനക്കാർ പുറം ലോകവുമായുള്ള ബന്ധങ്ങൾ ഉപേക്ഷിച്ച് നോർത്ത് ബ്ലോക്കിൽ തങ്ങണം. ധനകാര്യ മന്ത്രിക്ക് മാത്രമാണ് അച്ചടി തുടങ്ങിക്കഴിഞ്ഞാൽ നോർത്ത് ബ്ലോക്ക് വിട്ട് പോകാനും ഇവിടേക്ക് വരാനും കഴിയുക. എങ്കിലും മന്ത്രിക്കു പോലും കടുത്ത നിയന്ത്രണങ്ങളുണ്ട്. ഒരു തരത്തിൽ ഇത്രയും ജീവനക്കാരെ ഇവിടെ പൂട്ടിയിടുകയാണ് ചെയ്യുക. പിന്നീട് ധനമന്ത്രിയുടെ ബഡ്ജറ്റ് പ്രസംഗം കഴിഞ്ഞാലേ ജീവനക്കാർക്ക് വീടുകളിലേക്ക് പോകാനും ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണാനും കഴിയൂ. ഈ പൂട്ടിയിടലിനു മുന്നേ നടക്കുന്ന ചടങ്ങാണ് ഹൽവ സെറിമണി.
ഒരു വലിയ പാത്രത്തിൽ പരമ്പരാഗത മധുര പലഹാരമായ ഹൽവ ഉണ്ടാക്കുകയും ധനമന്ത്രി സഹമന്ത്രിമാർക്കും ഉന്നത ഉദ്യോഗസ്ഥർക്കും മറ്റ് ജീവനക്കാർക്കും ഹൽവ വിളമ്പി സന്തോഷം പങ്ക് വയ്ക്കുന്നത്തോടെ ബഡ്ജറ്റ് അച്ചടി ആരംഭിക്കും. ബഡ്ജറ്റിന് പിന്നിലെ മാസങ്ങൾ നീണ്ടു നിൽക്കുന്ന ജീവനക്കാരുടെ അധ്വാനത്തിനും ഇനിയുള്ള പൂട്ടിയിടലിനും രാജ്യം നൽകുന്ന ആദരവാണ് ഈ മധുര വിതരണം. എന്നാൽ കഴിഞ്ഞ വർഷത്തെ ഹൽവ സെറിമണിക്ക് ശേഷം ജീവനക്കാർക്ക് നോർത്ത് ബ്ലോക്കിൽ കഴിയേണ്ടിവന്നില്ല കഴിഞ്ഞ ബഡ്ജറ്റ് മുതൽ ആപ്പ് വഴിയാണ് രേഖകൾ പ്രസിദ്ധീകരിച്ചത്. ധാനമന്ത്രിക്ക് പാർലമെന്റിൽ വായിക്കാനുള്ള പ്രസംഗത്തിന്റെ ഒരു കോപ്പി മാത്രമാണ് പ്രിന്റ് ചെയ്തത്. അതുകൊണ്ട് തന്നെ ജീവനക്കാരുടെ പൂട്ടിയിടൽ വേണ്ടിവന്നില്ല.
ഹൽവ സെറിമണിയോടെ എല്ലാവരും പിരിഞ്ഞു. ഇത്തവണത്തെ ഹൽവ സെറിമണി ഇന്നലെ നോർത്ത് ബ്ലോക്കിൽ ഇന്നലെയാണ് നടന്നത്. ഹൽവക്ക് പകരം ചരിത്രത്തിലാദ്യമായി മധുര പലഹാരങ്ങളാണ് വിളമ്പിയത്. ഇത്തവണതേത് പൂർണ്ണമായും കടലാസ്സ് രഹിത ബഡ്ജറ്റ് ആണ്. ധനമന്ത്രിയും ടാബിലായിരിക്കും ബഡ്ജറ്റ് പ്രസംഗം പാർലമെന്റിൽ വായിക്കുക. യൂണിയൻ ബഡ്ജറ്റ് ആപ്പ് വഴി എല്ലാ ബഡ്ജറ്റ് രേഖകളും എല്ലാവരിലേക്കുമെത്തും.1989 മുതൽ രാജ്യത്ത് നിലനിന്നിരുന്ന ബഡ്ജറ്റ് അച്ചടി ഇനി ചരിത്രമാവുകയാണ്. ജീവനക്കാർ പൂട്ടിയിടപ്പെടുന്നുമില്ല. ഫെബ്രുവരി ഒന്നിനാണ് 2022-23 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബഡ്ജറ്റ്. ധനമന്ത്രി നിർമ്മലാ സീതാരാമന്റെ നാലാമത്തെ ബഡ്ജറ്റ് ആണ് ഫെബ്രുവരി ഒന്ന് ചൊവ്വാഴ്ച അവതരിപ്പിക്കുക.

