Sunday, May 5, 2024
spot_img

‘ഒരു കൂട്ടം ഭീരുക്കളാണ് ഹമാസ്, അവർ സാധാരണക്കാരായ ജനങ്ങളെ മറയാക്കി ഒളിച്ചിരിക്കുന്നു’; നിരപരാധികൾ കൊല്ലപ്പെടാതിരിക്കാൻ ഇസ്രായേൽ കഴിയുന്നതെല്ലാം ചെയ്യുമെന്ന് ജോ ബൈഡൻ

വാഷിംഗ്ടൺ: സാധാരണക്കാരുടെ പിറകിൽ ഒളിച്ചിരിക്കുന്ന ഭീരുക്കളാണ് ഹമാസെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. നിരപരാധികളായ സാധാരണക്കാർ കൊല്ലപ്പെടാതിരിക്കാൻ ഇസ്രായേൽ കഴിയുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഹമാസ് ഭീകരവാദികളുടെ ആക്രമണത്തിൽ ഇസ്രായേലികൾ കൊല്ലപ്പെട്ടതും ടെൽ അവീവിന്റെ പ്രത്യാക്രമണത്തിൽ സാധാരണക്കാരായ പലസ്തീനികളും ഹമാസ് ഭീകരരും കൊല്ലപ്പെടുന്നതും തമ്മിൽ അടിസ്ഥാനപരമായ വ്യത്യാസമുണ്ട്. ഹമാസ് നടത്തിയ കിരാത നടപടിയുടെയും കൂട്ടക്കൊലയുടെയും പ്രത്യാഘാതമാണിത്. തങ്ങളുടെ രാജ്യത്തേക്ക് അതിക്രമിച്ച് കയറി കൂട്ടക്കുരുതി നടത്തിയ ഭീകരസംഘടനയ്‌ക്കെതിരെയാണ് ഇസ്രായേൽ സൈനിക നടപടി ആരംഭിച്ചിരിക്കുന്നത്. അതിനാൽ അവിടെ വെടിനിർത്തലിന് സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് ഇസ്രായേൽ തന്നെയാണ് പ്രതികരണം അറിയിക്കേണ്ടതെന്നും അമേരിക്കൻ പ്രസിഡന്റ് ചൂണ്ടിക്കാട്ടി.

ഹമാസിന്റെ പിറകെ ഇസ്രായേലിന് പോയേ മതിയാകൂ. ഒരു കൂട്ടം ഭീരുക്കളാണ് ഹമാസ്. അവർ സാധാരണക്കാരെ മറയാക്കി ഒളിച്ചിരിക്കുന്നു. സാധാരണക്കാർ താമസിക്കുന്നിടത്താണ് അവർ അവരുടെ കെട്ടിടങ്ങളും മറ്റും സ്ഥാപിക്കുന്നത്. അതിനാൽ ഹമാസിനെ തിരഞ്ഞുപിടിച്ച് ആക്രമിക്കുക എന്നത് ദുഷ്‌കരമാണ്. എങ്കിലും നിരപരാധികളായ സാധാരണക്കാരെ കൊല്ലുന്നത് ഒഴിവാക്കാൻ ഇസ്രായേൽ കഴിയുന്നതെല്ലാം ചെയ്യുമെന്നും ബൈഡൻ പ്രതികരിച്ചു.

Related Articles

Latest Articles