Monday, April 29, 2024
spot_img

പ്രൗഢഗംഭീരമായി ഓണാഘോഷം നടത്തി ഹമ്മ – ഹാർലെമ്മേർമീർ മുനിസിപ്പാലിറ്റിയിലെ മലയാളി അസോസിയേഷൻ; ചടങ്ങിന്റെ പൂർണ്ണ വീഡിയോ റിപ്പോർട്ടിംഗ് ഉടൻ തത്വമയി ന്യൂസിൽ.

ഹോഫ് ഡോർപ്: നെതർലാൻഡിലെ നോർത്ത് ഹോളണ്ടിലുള്ള ഹാർലെമ്മേർമീർ മുനിസിപ്പാലിറ്റിയിലെ മലയാളി അസോസിയേഷനായ ഹമ്മയുടെ ഓണാഘോഷ ചടങ്ങുകൾ പ്രൗഢഗംഭീരമായി നടന്നു. 200-ൽ അധികം ആളുകളാണ് ഹമ്മായുടെ ഈ പ്രഥമ ഓണാഘോഷത്തിൽ പങ്കെടുത്തത്. മുൻസിപ്പാലിറ്റിയുടെ മേയർ ആയിട്ടുള്ള മറിയാൻ ഷുർമാൻസ് , ഇന്ത്യൻ എംബസിയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ ആയിട്ടുള്ള മലയാളി കൂടിയായ ജിൻസ് മറ്റം, കൗൺസിലർ ആയിട്ടുള്ള പ്രാചി വാൻ ബ്രാണ്ടെൻബർഗ് കുൽക്കർണി, ഹമ്മയുടെ പ്രതിനിധി മണിക്കുട്ടൻ എന്നിവർ ചേർന്നാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്.

ഹാർലെമ്മേർമീർ എന്നതിനർത്ഥം ഹാർലത്തിലെ തടാകം എന്നാണ്. മലയാളി ജനസംഖ്യ ക്രമാതീതമായി വർദ്ധിച്ച അവസരത്തിൽ നെതർലാൻസിൽ മൊത്തമായി നടന്നുവന്നിരുന്ന പൊതു ഓണാഘോഷം എന്നതിൽ നിന്ന് വ്യത്യസ്തമായി ഓരോ റീജിയണുകളിൽ വിധങ്ങളായിയാണ് മലയാളികൾ ഇത്തവണ ഓണം ആഘോഷിച്ചത്. ഹോഫ് ഡോർപ് , ന്യൂ വെനാപ്പ്, ബെഡ് ഹോഫെ ഡോർപ് എന്നിങ്ങനെയുള്ള ചെറു മേഖലകൾ ചേർന്ന ഹാർലെമ്മേർമീർ മുനിസിപ്പാലിറ്റി, ആംസ്റ്റർ എയർപോർട്ട് ഉൾപ്പെടുന്ന, ലോകപ്രശസ്തമായ തുലിപ്സ് ഫെസ്റ്റിവൽ നടക്കുന്ന കുക്കൻ ഹോഫിന് വളരെ അടുത്തുള്ള തന്നെ ഉള്ള ഒന്നര ലക്ഷത്തിലധികം ആളുകൾ വസിക്കുന്ന ഒരു പ്രധാന പ്രദേശം ആണ്.

മുനിസിപ്പാലിറ്റിയിലെ രണ്ടാമത്തെ ഏറ്റവും വലിയ വിദേശവിഭാഗമായ ഇന്ത്യൻ ജനതയുടെ അവിഭാജ്യ സംസ്ഥാനമായ കേരളത്തിൻറെ സ്വന്തം ഓണാഘോഷത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ മേയർ സന്തോഷം രേഖപ്പെടുത്തി. കൊച്ചു കുട്ടികൾ മുതൽ മുതിർന്നവരെ വരെ ആഘോഷതിൽ ആഴ്‌ത്തിയ വർണ്ണാഭമായ ഇത്തരം ഒരു ചടങ്ങ് താൻ മനസ്സുകൊണ്ട് ആസ്വദിച്ചു എന്നും അവർ പിന്നീട് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

ഇന്ത്യൻ എംബസിയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനും മലയാളിയുമായ ജിൻസ് മറ്റം വിദേശ മണ്ണിൽ ഇത്രയും വർണ്ണാഭമായി നടന്ന ഓണാഘോഷത്തിൽ പങ്കെടുത്തതിൽ തൻ്റെ സന്തോഷം രേഖപ്പെടുത്തുന്നതിനോടൊപ്പം ഹമ്മയുടെ ഭാരവാഹികളെയും അഭിനന്ദിച്ചു. അദ്ദേഹം കുടുംബസമേതമായാണ് ചടങ്ങിൽ പങ്കെടുത്തത്.

മാവേലിയുടെ സന്ദർശനം, തിരുവാതിരയും സിനിമാറ്റിക് ഡാൻസും ഉൾപ്പെടെയുള്ള കലാരൂപങ്ങൾ, കുട്ടികളുടെ കലാ സാംസ്കാരിക പ്രകടനങ്ങൾ, വടംവലി, നാരങ്ങ സ്പൂൺ നടത്തം, കസേരകളി സുന്ദരിക്ക് പൊട്ടുകുത്തൽ ഇങ്ങനെ വൈവിധ്യങ്ങളായ ചടങ്ങുകളാൽ ഓണാഘോഷം വർണ്ണാഭമായി. പായസം ഉൾപ്പെടെ 22ലധികം സ്വാദിഷ്ടമായ വിഭവങ്ങളോടെ വിപുലമായ ഓണസദ്യയും നടന്നു. ഹമ്മയുടെ ഒന്നാമത് ഓണാഘോഷം ആയിരുന്നിട്ടും വളരെ മുമ്പേ തന്നെ ആരംഭിച്ച കൃത്യമായ തയ്യാറെടുപ്പുകളോടെ നടന്ന ഓണാഘോഷം കമ്മിറ്റിയുടെ നേതൃപാടവത്തിനേ എടുത്തുകാട്ടി.

ചടങ്ങിന്റെ പൂർണ്ണ വീഡിയോ റിപ്പോർട്ടിംഗ് തത്വമയി ന്യൂസിൽ ഉടനെ കാണാവുന്നതാണ്. വൈകുന്നേരം അഞ്ചരയ്ക്ക് കലാശക്കൊട്ടോടെ ചടങ്ങുകൾ അവസാനിച്ചു.

Related Articles

Latest Articles