Wednesday, May 8, 2024
spot_img

പക അത് വീട്ടാനുള്ളതാണ് ! 23 വർഷങ്ങൾക്ക് മുമ്പ് ഷാർജയിൽ നടന്ന കൊക്കോ കോള ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ തങ്ങളെ 54 റൺസിന് പുറത്താക്കിയതിന്റെ എല്ലാ കണക്കും തീർത്ത് ഭാരതത്തിന്റെ പുലികുട്ടികൾ!

കൊളംബോ : ഏഷ്യാകപ്പിൽ ശ്രീലങ്കയ്ക്കെതിരെ ആധികാരിക ഫൈനൽ വിജയത്തോടെ, 23 വർഷങ്ങൾക്ക് മുമ്പ് ലങ്ക സമ്മാനിച്ച നാണക്കേടിന്റെ റെക്കോർഡ് തിരികെ നൽകിയാണ് ഭാരതത്തിന്റെ പുലിക്കുട്ടികൾ നാട്ടിലേക്ക് വിമാനം കയറുന്നത്.

2000 ൽ നടന്ന ഷാർജ ക്രിക്കറ്റ് ഗ്രൗണ്ടിൽ വച്ച് നടന്ന കൊക്കോകോള ചാംപ്യന്‍സ് ട്രോഫി ഫൈനലിൽ ശ്രീലങ്ക 54 റൺസിനു ഭാരതത്തിനെ പുറത്താക്കിയിരുന്നു. അതിനുള്ള മധുര പ്രതികാരമാണ് അവരുടെ നാട്ടിൽ വച്ച് നടന്ന മറ്റൊരു ഫൈനലിൽ 50 റൺസിൽ പുറത്താക്കി ഭാരതത്തിന്റെ പുലിക്കുട്ടികൾ പുറത്തെടുത്തത്.

ഭാരതത്തിന്റെ മികച്ച ബൗളിംഗ് പ്രകടനം കൊണ്ട് തീർത്തും ഏകപക്ഷീയമായ ഫൈനൽ പോരാട്ടത്തിൽ 10 വിക്കറ്റുകൾക്കാണ് ഭാരതം വിജയിച്ചത്. ശ്രീലങ്ക ഉയർത്തിയ 51 റൺസ് വിജയ ലക്ഷ്യത്തിൽ 6.1 ഓവറിൽ ഇന്ത്യയെത്തി. ഓപ്പണർമാരായ ശുഭ്മൻ ഗിൽ ( 19 പന്തിൽ 27), ഇഷാന്‍ കിഷൻ (18 പന്തിൽ 23 ) എന്നിവർ പുറത്താകാതെ നിന്നു.ആറ് ലങ്കൻ വിക്കറ്റുകൾ പിഴുത മുഹമ്മദ് സിറാജാണു കളിയിലെ താരം.

നേരത്തെ ഏഴ് ഓവറില്‍ 21 റണ്‍സിന് ആറ് വിക്കറ്റുമായി മുഹമദ് സിറാജ് ഇടിത്തീയായപ്പോൾ ലങ്കന്‍ ഇന്നിങ്‌സ് 15.2 ഓവറില്‍ വെറും 50 റണ്‍സിന് അവസാനിച്ചു. ജസ്പ്രീത് ബുംറ എറിഞ്ഞ ഇന്നിങ്‌സിന്റെ മൂന്നാം പന്തില്‍ കുശാല്‍ പെരേര പുറത്തായതോടെ ലങ്കയുടെ പതനം ആരംഭിച്ചു.നാലാം ഓവറിലാണ് സിറാജിന്റെ സംഹാര താണ്ഡവത്തിന് ലങ്ക സ്വാക്ഷിയായത്. ആദ്യ പന്തില്‍ പതും നിസ്സങ്ക (2), മൂന്നാം പന്തില്‍ സദീര സമരവിക്രമ (0), നാലാം പന്തില്‍ ചരിത് അസലങ്ക (0), ആറാം പന്തില്‍ ധനഞ്ജയ ഡിസില്‍വ (4) എന്നിങ്ങനെ നാല് ലങ്കൻ ബാറ്റർമാർ ഓരോരുത്തരായി ഡ്രസിങ് റൂമിലേക്ക് തിരികെ നടന്നു . ഇതോടെ ഏകദിനത്തില്‍ ഒരു ഓവറില്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തുന്ന ആദ്യ ഇന്ത്യന്‍ ബൗളറെന്ന നേട്ടവും സിറാജ് സ്വന്തമാക്കി. ആറാം ഓവറില്‍ ലങ്കന്‍ ക്യാപ്റ്റന്‍ ദസുന്‍ ഷനകയുടെ (0) കുറ്റിയും തെറിപ്പിച്ച സിറാജ് അഞ്ച് വിക്കറ്റ് നേട്ടവും ആഘോഷമാക്കി. 16 പന്തുകള്‍ക്കിടെ അഞ്ച് വിക്കറ്റ് തികച്ച സിറാജ് ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന താരമെന്ന റെക്കോഡിലും സംയുക്ത പങ്കാളിയായി. 2003-ല്‍ ബംഗ്ലാദേശിനെതിരേ മുന്‍ ലങ്കന്‍ ബൗളര്‍ ചാമിന്ദ വാസും 16 പന്തുകള്‍ക്കുള്ളില്‍ അഞ്ച് വിക്കറ്റ് തികച്ചിരുന്നു. 12-ാം ഓവറില്‍ കുശാല്‍ മെന്‍ഡിസിനെയും (17) പുറത്താക്കി താരം ആറാം വിക്കറ്റും സ്വന്തമാക്കി. ദുനിത് വെല്ലാലഗെ (8), പ്രമോദ് മദുഷാന്‍ (1), മതീഷ പതിരണ (0) എന്നിവർ ഹാർദിക് പാണ്ഡ്യയ്ക്ക് മുന്നിൽ വീണതോടെ ലങ്കന്‍ ഇന്നിങ്‌സിന് ദുരന്തപൂർണ്ണമായ സമാപ്തിയായി.

ഏകദിനത്തില്‍ ലങ്കയ്‌ക്കെതിരേ ഒരു ബൗളറുടെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണ് സിറാജിന്റേത്. 1990-ല്‍ ഷാര്‍ജയില്‍ 26 റണ്‍സിന് ആറ് വിക്കറ്റ് വീഴ്ത്തിയ മുന്‍ പാക് താരം വഖാര്‍ യൂനിസിന്റെ റെക്കോഡാണ് സിറാജിന് മുന്നിൽ പഴങ്കഥയായി മാറിയത്. ഏകദിനത്തില്‍ ഇന്ത്യന്‍ താരത്തിന്റെ നാലാമത്തെ മികച്ച ബൗളിങ് പ്രകടനവും ഇതോടെ സിറാജിന്റെ പേരിലായി. ഒരു ഏകദിന ഫൈനലിലെ ഏറ്റവും കുറഞ്ഞ ടീം ടോട്ടല്‍ കൂടിയാണിത്. ഏകദിനത്തില്‍ ലങ്കയുടെ രണ്ടാമത്തെ ഏറ്റവും കുറഞ്ഞ സ്‌കോറാണിത്. ഹാര്‍ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റുമായി തിളങ്ങി. ലങ്കന്‍ ഇന്നിങ്‌സില്‍ അഞ്ച് പേര്‍ പൂജ്യത്തിന് പുറത്തായി. ഏകദിനത്തില്‍ ഏറ്റവും കുറഞ്ഞ ഓവറുകള്‍ക്കുള്ളില്‍ ഓള്‍ഔട്ടാകുന്ന രണ്ടാമത്തെ ടീമെന്ന നാണക്കേടും ലങ്കയ്ക്ക് സ്വന്തമായി. 15.2 ഓവറിലാണ് ലങ്ക ഓള്‍ഔട്ടായത്. 2017-ല്‍ അഫ്ഗാനിസ്താനെതിരേ 13.5 ഓവറില്‍ ഓള്‍ഔട്ടായ സിംബാബ്‌വെയുടെ പേരിലാണ് ഈ റെക്കോഡ്. ഭാരതത്തിനെതിരെ ഏകദിന ക്രിക്കറ്റിൽ ഒരു ടീം നേടുന്ന ഏറ്റവും ചെറിയ സ്കോറാണ് ഏഷ്യാ കപ്പ് ഫൈനലിൽ ലങ്കയുടെ പേരിലായത്. മിർപൂരിൽ 2014ൽ ബംഗ്ലദേശ് നേടിയ 58 റൺസായിരുന്നു ഇതിന് മുൻപുള്ള ചെറിയ സ്കോർ. ശ്രീലങ്കയുയർത്തിയ വിജയലക്ഷ്യം 6.1 ഓവറിലാണ് ഭാരതം മറികടന്നത്. അതായത് ഇന്ത്യൻ വിജയം 263 പന്തുകൾ ബാക്കിനിൽക്കെയാണ്. ഏകദിന ക്രിക്കറ്റിൽ ടീം ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്. 2001ൽ 231 പന്തുകൾ ബാക്കിനിൽക്കെ കെനിയയ്ക്കെതിരെ വിജയിച്ചതായിരുന്നു മുൻപത്തെ മികച്ച റെക്കോര്‍ഡ്.
ബാക്കിയുള്ള പന്തുകളുടെ കണക്കെടുത്താൽ, ഒരു ഏകദിന ടൂർണമെന്റ് ഫൈനലിലെ ഏറ്റവും വലിയ വിജയവും ടീം സ്വന്തം പേരിലാക്കി . 2003 ൽ ഇംഗ്ലണ്ടിനെതിരെ 226 പന്തുകള്‍ ബാക്കിനിൽക്കെ വിജയിച്ചെന്ന ഓസ്ട്രേലിയയുടെ റെക്കോർഡാണ് ഇന്ന് തകർന്നത്.

Related Articles

Latest Articles