Tuesday, May 21, 2024
spot_img

പുത്തൻ പ്രതീക്ഷയോടെ പുതുവർഷം പിറന്നു; 2022-നെ വരവേറ്റ് ലോകം; വീട്ടിലിരുന്ന് ആഘോഷിച്ച് കേരളം

ദില്ലി: ഒമിക്രോണിനിടെ ഇത് പ്രതീക്ഷയുടെ പുതുവത്സരം (Happy New Year). ലോകത്തിലെ എല്ലാ രാജ്യങ്ങളിലും നിയന്ത്രണങ്ങള്‍ക്കുള്ളില്‍ നിന്ന് ആഘോഷത്തോടെയാണ് പുതുവത്സരത്തെ എതിരേറ്റത്. ഒമിക്രോണ്‍ ഭീതിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ പല ഭാഗങ്ങളിലും കടുത്ത നിയന്ത്രണത്തോടെയാണ് പുതുവത്സരാഘോഷം നടന്നത്. രാജ്യതലസ്ഥാനമായ ദില്ലി, മുംബൈ, ബെംഗളൂരു തുടങ്ങിയ വലിയ നഗരങ്ങളില്‍ കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു.

മിക്ക രാജ്യങ്ങളിലും കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ ഭീഷണി നിലനിന്നിരുന്നതിനാല്‍ തെരുവുകളിലും നഗരങ്ങളിലും ആഘോഷങ്ങള്‍ക്ക് നിയന്ത്രണമുണ്ടായിരുന്നു. കൂടിച്ചേരലുകള്‍ക്കും ആഘോഷങ്ങള്‍ക്കും അതിരിട്ടാണ് ഇത്തവണയും ലോകം പുതുവര്‍ഷത്തെ വരവേറ്റത്.

പസഫിക്കിലെ കുഞ്ഞുദ്വീപായ ടോങ്കയിലാണ് പുതുവര്‍ഷം ആദ്യമെത്തിയത്. അതിനുപിന്നാലെ സമീപ പ്രദേശങ്ങളായ സമോവ, ക്രിസ്മസ് ദ്വീപ് എന്നിവിടങ്ങളിലും പുതുവത്സരമെത്തി. ന്യൂസിലാന്‍ഡിലെ ഓക്ലാന്‍ഡ് നഗരത്തിലാണ് ആദ്യം പുതുവത്സരാഘോഷമുണ്ടായത്. ഓസ്‌ട്രേലിയന്‍ നഗരമായ സിഡ്‌നിയിലും വലിയ രീതിയില്‍ ആഘോഷം നടന്നു.

വീട്ടിലിരുന്ന് ആഘോഷിച്ച് കേരളം

ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പുതുവത്സരാഘോഷത്തിന് കടിഞ്ഞാണ്‍ വീണു. സംസ്ഥാനത്താകെ രാത്രി കര്‍ഫ്യു ആരംഭിച്ചതോടെ ഏറക്കുറെ പുതുവര്‍ഷാഘോഷം നേരത്തെ അവസാനിച്ചു. രാത്രി 10ന് ശേഷം കേരളം കടുത്ത നിയന്ത്രണത്തിലായിരുന്നു. വീടുകളിലായിരുന്നു ആഘോഷമേറെയും. കോഴിക്കോടും കൊച്ചിയിലും തിരുവനന്തപുരത്തുമെല്ലാം ഇക്കുറി കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയത്. കോഴിക്കോട് ആഘോഷങ്ങള്‍ക്ക് 9.30 വരെ മാത്രമായിരുന്നു അനുമതിയുണ്ടായിരുന്നത്.

ഒന്‍പത് മണിമുതല്‍ നഗരത്തിലടക്കം നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കി. നിയന്ത്രണങ്ങള്‍ ഉള്ളതുകൊണ്ട് തന്നെ നേരത്തെ തന്നെ ബീച്ചില്‍ ആളുകള്‍ കുറഞ്ഞു തുടങ്ങി. കോഴിക്കോട് നഗരത്തില്‍ ഏഴ് കേന്ദ്രങ്ങളില്‍ പോലിസ് പരിശോധന രാത്രിയിലും തുടരും. ഹോട്ടലുകളും ബാറുകളും ഒന്‍പത് മണിയോടെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. വലിയ രീതിയിൽ ആഘോഷത്തോടെ പുതുവർഷത്തെ വരവേറ്റിരുന്ന നഗരങ്ങൾ ഈ തവണ വിജനമായി. ബീച്ചുകളും പാർക്കുകളും തികഞ്ഞ നിശബ്ദതയോടെയാണ് 2022 നെ വരവേറ്റത്.

Related Articles

Latest Articles