തിരുവനന്തപുരം : മകളെ നിരന്തരം ശല്യം ചെയ്തതു തടഞ്ഞ പിതാവിനെ പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പിടിയിലായി. അമ്പലത്തിൻകാല സ്വദേശി രാജേന്ദ്രന്റെ വീടിനുള്ളിലാണു ഇയാൾ പാമ്പിനെ ഇട്ടത്. സംഭവത്തിൽ കോടന്നൂർ സ്വദേശി എസ്കെ സദനത്തിൽ കിച്ചു (30) വാണ് പിടിയിലായത്. ഇയാളെ കാട്ടാക്കട കോടതി റിമാൻഡ് ചെയ്തു.
ഇന്നലെ പുലർച്ചെയാണ് സംഭവം നടന്നത്. പെൺകുട്ടിയുടെ പിന്നാലെ നടന്ന് ശല്യപ്പെടുത്തിയ കിച്ചുവിനെ പിതാവ് വിലക്കിയിരുന്നു. ഇതിന്റെ പ്രതികാരമായാണ് ഇന്നലെ പുലർച്ചെ മൂന്നരയോടെ പാമ്പുമായി കിച്ചു പെൺകുട്ടിയുടെ വീട്ടിലെത്തിയത്. കാൽപ്പെരുമാറ്റം കേട്ട് വീട്ടുകാർ ഉണർന്നപ്പോൾ ഇയാൾ ജനലിലൂടെ പാമ്പിനെ അകത്തേക്ക് ഇടുകയായിരുന്നു എന്നാണ് വിവരം. വീട്ടുകാർ ഉണർന്നു എന്ന് തിരിച്ചറിഞ്ഞതോടെ വന്ന ബൈക്ക് ഉപേക്ഷിച്ചാണ് ഇയാൾ രക്ഷപ്പെട്ടത്. അതെ സമയം ഇയാൾ ഏത് പാമ്പിനെയാണ് വീട്ടിലേക്കെറിഞ്ഞത് എന്നത് വ്യക്തമല്ല. ഏത് പാമ്പാണ് എന്നറിയാൻ പാമ്പിന്റെ അവശിഷ്ടങ്ങൾ പാലോട് മൃഗാശുപത്രിയിൽ പരിശോധിക്കും.

