Monday, April 29, 2024
spot_img

പീഡനക്കേസ്; എൽദോസ് എംഎൽഎ ഒളിവിൽ തുടരുന്നു; ജാമ്യാപേക്ഷ തള്ളിയാൽ ഹൈക്കോടതിയെ സമീപിക്കും, അന്വേഷണം കടുപ്പിച്ച് പോലീസ്, ഇന്നും തെളിവെടുപ്പ് തുടരും

തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ ഒളിവിൽ തുടരുന്നു. യുവതി നൽകിയ പീഡനപരാതിയെ തുടർന്ന് പോലീസ് കേസെടുത്തതോടെയാണ് എംഎൽഎ ഒളിവിൽ പോയത്.
കേസിന്റെ ഭാഗമായി കൂടുതൽ തെളിവുകൾ ശേഖരിക്കാൻ അന്വേഷണ സംഘം തീരുമാനിച്ചു.

എൽദോസ് നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വ്യാഴാഴ്ച വിധി പറയുന്നതിനാൽ അത് വരെ അറസ്റ്റ് ഉണ്ടാകില്ലെന്നാണ് വിവരം. അതേസമയം, ഇന്നലെ പരാതിക്കാരിയായ യുവതിയുമായി വിവിധ സ്ഥലങ്ങളിൽ അന്വേഷണ സംഘം തെളിവെടുത്തിരുന്നു. ഇന്നും തെളിവെടുപ്പ് തുടരും. അതിനിടെ എംഎൽഎ ഇപ്പോഴും ഒളിവിൽ തുടരുകയാണ്. മുൻകൂര്‍ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളിയാല്‍ ഹൈക്കോടതിയെ സമീപിക്കാനാണ് എൽദോസിന്റെ നീക്കം.എംഎൽഎ ഒളിവിലാണെങ്കിലും പെരുമ്പാവൂരിലെ ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ട്.

എൽദോസ് കുന്നപ്പിള്ളി നൽകിയ ജാമ്യാപേക്ഷയിൽ ഇന്നലെ കോടതി വാദം കേട്ടിരുന്നു. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് മുൻകൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചത്. യുവതിയെ പലയിടത്ത് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്നും ദേഹോപദ്രവം ഏൽപ്പിച്ചെന്നുമാണ് കേസ്.

പരാതിക്കാരിയുടെ രഹസ്യമൊഴി മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. കേസിലെ മറ്റ് തെളിവുകളും പരാതിക്കാരിയുടെ മൊഴിയും കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. കേസിൽ എംഎൽഎയ്ക്ക് ജാമ്യം നൽകരുതെന്ന കടുത്ത നിലപാട് പ്രോസിക്യൂഷൻ സ്വീകരിച്ചത്. എംഎൽഎ കയ്യേറ്റം ചെയ്തുവെന്നായിരുന്നു ആദ്യം യുവതി നൽകിയ പരാതി. കോവളം പോലീസിലാണ് യുവതി പരാതി നൽകിയിരുന്നത്. പിന്നീടാണ് യുവതി പീഡന പരാതി നൽകിയത്.

Related Articles

Latest Articles