അഹമ്മദാബാദ്: കോൺഗ്രസ്സിന്റെ ഗുജറാത്തിലെ പ്രധാന നേതാവായ ഹാര്‍ദിക് പട്ടേല്‍ പാര്‍ട്ടി വിട്ട് ബി ജെ പിയില്‍ ചേക്കേറിയേക്കുമെന്ന് അഭ്യൂഹങ്ങൾ. നിലവില്‍ കോണ്‍ഗ്രസ് ഗുജറാത്ത് ഘടകം വര്‍ക്കിംഗ് പ്രസിഡന്റാണ് ഹാര്‍ദിക്. കഴിഞ്ഞദിവസം പുറത്തുവന്ന അദ്ദേഹത്തിന്റെ ഒരു അഭിമുഖമാണ് സൂചനകൾക്ക് വഴി തുറന്നിരിക്കുന്നത്.
കൂടുതല്‍ സാദ്ധ്യതകള്‍ എപ്പോഴും നിലവില്‍ ഉണ്ടെന്നായിരുന്നു അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞത്. ഭാവി നോക്കേണ്ടതുണ്ട്. എന്നെ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം അവഗണിക്കുന്നു. ഹൈക്കമാന്റിനോട് പരാതിയില്ല. രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിന് സംഭവിച്ചത് തന്നെയാണ് ഗുജറാത്തിലും നടക്കുന്നത് എന്നുമാണ് അദ്ദേഹം അഭിമുഖത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. ഇതിനാെപ്പം പ്രധാമന്ത്രി നരേന്ദ്രമോദിയെ പ്രശംസിക്കുകയും ചെയ്തു. ഇതാേടെ അഭ്യൂഹങ്ങൾ ശക്തമായി മാറുകയായിരുന്നു.
ഇതിനു മുന്നേ, കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെയും ഇദ്ദേഹം രംഗത്ത് വന്നിരുന്നതാണ്. വര്‍ക്കിംഗ് പ്രസിഡന്റായി തുടരുമ്പോഴും പാര്‍ട്ടി കാര്യങ്ങളൊന്നും തന്നെ അറിയിക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രധാന പരാതി. പട്ടേല്‍ വിഭാഗത്തിലെ മറ്റൊരു നേതാവായ നരേഷ് പട്ടേലിനെ കോണ്‍ഗ്രസിലേക്ക് എത്തിക്കാന്‍ പ്രശാന്ത് കിഷോര്‍ ശക്തമായ ചില അണിയറ നീക്കങ്ങള്‍ നടത്തിയിരുന്നു. ഇത് വ്യക്തമായതോടെയാണ് ഹാര്‍ദിക് പാര്‍ട്ടിയുമായി അകന്നുതുടങ്ങിയത് എന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ , കോണ്‍ഗ്രസ് ദേശീയ, സംസ്ഥാന നേതൃത്വങ്ങളോ ഹാര്‍ദികിന്റെ ഓഫീസോ ഇതുവരെ അഭ്യൂഹങ്ങളോട് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഹാര്‍ദിക് പാര്‍ട്ടി വിടുകയാണെങ്കില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നില കൂടുതല്‍ പരുങ്ങലിലാവും എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. രാജ്യത്തൊട്ടാകെ നിരവധി പ്രമുഖ നേതാക്കളാണ് അടുത്തിടെ പാര്‍ട്ടിവിട്ട് ബി ജെ പിയില്‍ ചേക്കേറിയത്.

