ദില്ലി: ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ, മസൂദ് ജി എന്നു വിശേഷിപ്പിച്ച രാഹുല്‍ ഗാന്ധിയുടെ പ്രസംഗം വിവാദത്തിലേക്ക്. ഭീകരവാദികളുടെ തലവനായ മസൂദ് അസറിനെ ‘ജി’ എന്ന് വിളിച്ചതിലൂടെ കോണ്‍​ഗ്രസ് അധ്യക്ഷന്‍ ഭീകരവാദത്തോടുള്ള സ്നേഹമാണോ പ്രകടിപ്പിക്കുന്നതെന്ന് ബിജെപി രൂക്ഷമായി വിമര്‍ശിച്ചു. 1999 ല്‍ കാണ്ഡഹാറില്‍ വിമാനം തട്ടിയെടുത്ത ഭീകരവാദികളുടെ ആവശ്യം മസൂദ് അസറിനെ വിട്ടുകൊടുക്കുക എന്നതായിരുന്നു. ബിജെപി ഭരണകാലത്താണ് മസൂദ് അസറിനെ വിട്ടയച്ചതെന്നായിരുന്നു രാഹുലിന്റെ പ്രസംഗം.

പ്രസംഗത്തില്‍ മസൂദ് അസര്‍ ജി എന്ന് രാഹുല്‍ പറയുന്ന വീഡിയോ പുറത്തു വിട്ടാണ് ബിജെപിയുടെ പരിഹാസം. ഒസാമ ബിന്‍ലാദനോടും ഹാഫിസ് സയ്യിദിനോടും ബഹുമാനം കാണിക്കുന്ന കോണ്‍ഗ്രസ്സ് പാരമ്പര്യം രാഹുല്‍ തുടരുന്നു എന്ന് കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് ആരോപിച്ചു. “രാഹുല്‍ ​ഗാന്ധിയും പാകിസ്ഥാനും തമ്മിലുള്ള സാമ്യം എന്താണെന്നറിയുമോ? ഭീകരവാദികളെ അവര്‍ ഇരുവരും ഇഷ്ടപ്പെടുന്നു. മസൂദ് അസറിനോടുള്ള രാഹുല്‍ ​ഗാന്ധിയുടെ ബഹുമാനം ശ്രദ്ധിച്ചാല്‍ അത് മനസ്സിലാകും.” കേന്ദ്രമന്ത്രി സ്മൃതി ഇറാനി ട്വീറ്റ് ചെയ്യുന്നു. പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങളോട് രാഹുല്‍ മാപ്പു പറയണമെന്നും സ്മൃതി ഇറാനി ആവശ്യപ്പെട്ടു.

മസൂദ് അസറിനെ വിട്ടയച്ചത് ആരെന്ന രാഹുലിന്റെ ചോദ്യത്തിന് ആദ്യം മറുപടി നല്‍കണമെന്നാണ് കോണ്‍​ഗ്രസിന്റെ പ്രതികരണം. രാഹുലിന്‍റെ പ്രസംഗം ബിജെപി വളച്ചൊടിക്കുകയാണെന്നാണ് കോണ്‍ഗ്രസ് പ്രതികരിച്ചു.