സംസ്ഥാനത്ത് യൂത്ത്‌ കോൺഗ്രസ് ആഹ്വാനം ചെയ്ത ഹർത്താലിൽ കെ .എസ്.ആര്‍.ടി.സി ബസുകൾക്ക് നേരെ കല്ലേറ്. വയനാട്ടിലേക്ക് പോവുകയായിരുന്ന ബസുകൾക്കു നേരെയാണ് കല്ലേറുണ്ടായത്.
തിരുവനന്തപുരം കിളിമാനൂരില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കടകള്‍ നിര്‍ബന്ധിച്ച് അടപ്പിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ആറ്റിങ്ങലില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞു വെച്ചു. ബസ് തടഞ്ഞവരെ പോലീസ് അറസ്റ്റ് ചെയ്തു.

അതേസമയം ഹര്‍ത്താല്‍ ആഹ്വാനം നടത്തിയ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസിനെതിരെ കോടതി അലക്ഷ്യ ഹര്‍ജി നല്‍കും. മിന്നല്‍ ഹര്‍ത്താലുകള്‍ പ്രഖ്യാപിക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിനെതിരെയാണ് ഹര്‍ജി. ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതിന് മുന്‍കൂര്‍ നോട്ടീസ് നല്‍കിയില്ല, ഫെയ്‌സ്ബുക്കില്‍ കൂടി ഹര്‍ത്താല്‍ ആഹ്വാനം നടത്തി തുടങ്ങിയവ ചൂണ്ടിക്കാണിച്ചാണ് ഹര്‍ജി.